ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിൽ 16 പുതുമുഖങ്ങൾ ഉൾപ്പെടെ മഹായുതി സഖ്യകക്ഷികളിൽ നിന്നുള്ള 39 നിയമസഭാംഗങ്ങൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ: പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങൾ കിട്ടാതിരുന്ന ഷിൻഡെ വിഭാഗം ശിവസേന അഞ്ച് വർഷക്കാലയളവ് വിഭജിച്ച് കൂടുതൽ പേർക്ക് അവസരം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വർഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും രണ്ടര വർഷത്തിന് ശേഷം മന്ത്രിമാരുടെ പെർഫോമൻസ് ഓഡിറ്റ് നടത്തുമെന്നും ആരുടെയെങ്കിലും പെർഫോമൻസിൽ തൃപ്തിയില്ലെങ്കിൽ നീക്കുമെന്നും ഷിൻഡെ പറഞ്ഞു.
ശിവസേന എംഎൽഎമാർക്ക് ഏകനാഥ് ഷിൻഡെയോട് പ്രത്യയശാസ്ത്രമോ വിശ്വസ്തതയോ ഇല്ലെന്നും അവർക്ക് വേണ്ടത് അധികാരമാണെന്നും അധികാരം തുല്യമായി വിതരണം ചെയ്യുമെന്നും ഷിൻഡെയുടെ അടുത്ത സഹായി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ശിവസേന എംഎൽഎ നരേന്ദ്ര ഭോണ്ഡേക്കർ മഹാരാഷ്ട്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. ഏകനാഥ് ഷിൻഡെ തനിക്ക് കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്നും എന്നാൽ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയിൽ ചേർന്നത് ക്യാബിനറ്റ് സ്ഥാനം നൽകുമെന്ന വ്യവസ്ഥയിലാണ്. ഷിൻഡെ എനിക്ക് വാഗ്ദാനവും നൽകിയിരുന്നു. മുൻ സർക്കാരിൽ ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ഞാൻ സ്വതന്ത്ര എംഎൽഎ ആയിരുന്നു. അദ്ദേഹത്തിന് പിന്തുണ നൽകിയെന്നും ഭോണ്ഡേക്കർ പറഞ്ഞു.
Read More.... 'എഡ്വിനക്കും ഐൻസ്റ്റീനുമടക്കം നെഹ്റു എഴുതിയ കത്തുകള്‍ കൈമാറണം'; രാഹുലിനോട് കേന്ദ്രത്തിന്റെ അഭ്യർഥന
ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിൽ 16 പുതുമുഖങ്ങൾ ഉൾപ്പെടെ മഹായുതി സഖ്യകക്ഷികളിൽ നിന്നുള്ള 39 നിയമസഭാംഗങ്ങൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 10 മുൻ മന്ത്രിമാരെ ഒഴിവാക്കി. ബിജെപി 19 മന്ത്രിസ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോള്‍ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്കും (എൻസിപി) യഥാക്രമം 11 ഉം 9 ഉം മന്ത്രി സ്ഥാനം നൽകി.