കോർപ്പറേഷന്‍റെ അക്കൗണ്ടിൽ നിന്ന് 187 കോടി രൂപ അനധികൃതമായി തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് കടത്തിയെന്നതാണ് കേസ്
ബെംഗളൂരു: വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ കർണാടക മുൻ മന്ത്രിയും ബല്ലാരി എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. കർണാടകയിലെ ഗോത്രവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന വാത്മീകി കോർപ്പറേഷന്‍റെ ഫണ്ടിൽ തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന് ബി നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ഉദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് ബി നാഗേന്ദ്രയുടെയും വാത്മീകി കോർപ്പറേഷൻ ചെയർമാനായ എംഎൽഎ ബസനഗൗഡ ദഡ്ഡാലിന്‍റെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. കോർപ്പറേഷന്‍റെ അക്കൗണ്ടിൽ നിന്ന് 187 കോടി രൂപ അനധികൃതമായി തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് കടത്തിയെന്നതാണ് കേസ്. മന്ത്രിയായിരുന്ന നാഗേന്ദ്ര നേരിട്ട് നിർദേശിച്ച പ്രകാരമാണ് പണം തിരിമറി നടത്തിയതെന്നും കേസ് വരുമെന്നായപ്പോൾ മന്ത്രിയടക്കം ചേർന്ന് തന്നെ ബലിയാടാക്കിയെന്നും കുറിപ്പെഴുതിവച്ച് കോർപ്പറേഷന്‍റെ ചീഫ് അക്കൗണ്ടന്‍റായിരുന്ന പി ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ രാഷ്ട്രീയവിവാദമായതിന് പിന്നാലെയാണ് ജൂൺ 6-ന് നാഗേന്ദ്ര ഗോത്രവികസന വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചത്.