'ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല', റഷ്യയോട് ഇന്ത്യ സഹകരിക്കുന്നതിൽ അതൃപ്തി അറിയിച്ച് അമേരിക്ക

By Web Team  |  First Published Jul 12, 2024, 2:17 AM IST

യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും എറിക് ഗാർസെറ്റി ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു


ഡൽഹി: റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല.
യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും എറിക് ഗാർസെറ്റി പറഞ്ഞു.

ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ യുദ്ധസമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറ‌‌ഞ്ഞു. ഏതാനും ദിവസം മുമ്പ് റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ, റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Latest Videos

undefined

റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!