ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദ​ഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അം​ഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

By Web TeamFirst Published Feb 4, 2024, 8:34 PM IST
Highlights

നാളെയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.

ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാളെ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് നടപടി. ഇന്ന് ചേർന്ന് മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ  രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം വിമർശനങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ ബിജെപി സ‍ർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അറിയിച്ചിരുന്നു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോ​ഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. 

Latest Videos

തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർന്ന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!