പൊലീസ് സ്റ്റേഷനിൽ നിന്ന് ആരുമറിയാതെ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ഇൻഡോറിൽ 2 യുവാക്കൾക്കെതിരെ കേസ്

By Web Team  |  First Published Aug 4, 2024, 7:19 PM IST

കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുവരുത്തിയ യുവാക്കൾ അവിടെ നിന്ന് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവ‍ർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. 


ഇൻഡോർ: പൊലീസ് സ്റ്റേഷന് അകത്തു നിന്ന് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസ്. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുവരുത്തിയ യുവാക്കളാണ് ഉദ്യോഗസ്ഥർ അറിയാതെ അവിടെ നിന്ന് വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് ഇത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. 

ഇൻഡോറിലെ ഹിരനഗർ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. പട്ടികജാതിക്കാരനായ ഒരാളെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് യുവാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ബേസ് ബോൾ ബാറ്റു കൊണ്ടാണ് ഇവ‍ർ പരാതിക്കാരനെ മർദിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ബാറ്റുമായി സ്റ്റേഷനിൽ വരാനായിരുന്നു നിർദേശം നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു.

Latest Videos

undefined

രണ്ടു പേരും സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ രണ്ട് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇവർ മറ്റ് തിരക്കുകളിലായിരുന്നു. ഈ സമയം സ്റ്റേഷനിൽ വെച്ച് ബേസ് ബോൾ ബാറ്റുമായി വീഡിയോ ചിത്രീകരിക്കുകയും സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സുഹൃത്തുക്കളാണ് വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കുറ‌ഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!