അജ്മീർ ദർ​ഗക്ക് താഴെ ശിവക്ഷേത്രമുണ്ടെന്ന് വാദിച്ച് ഹർജി, എഎസ്ഐക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് കോടതി

By Web Team  |  First Published Nov 28, 2024, 7:59 AM IST

വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങൾക്ക് സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അജ്മീർ ദർ​ഗയുടെ കാര്യത്തിലും ഹർജി വന്നത്.


ദില്ലി: അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദർഗയിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹർജിയിൽ അജ്മീര്‍ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹർജി സമർപ്പിച്ചത്. അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് സിവിൽ ജഡ്ജി മൻമോഹൻ ചന്ദേൽ നോട്ടീസ് അയച്ചതായി ഹർജിക്കാരൻ്റെ അഭിഭാഷകൻ യോഗേഷ് സിറോജ പറഞ്ഞു.

വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങൾക്ക് സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അജ്മീർ ദർ​ഗയുടെ കാര്യത്തിലും ഹർജി വന്നത്. ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയിൽ സർവേ നടത്താനുള്ള പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Videos

undefined

പഴയ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. അജ്മീർ ദർഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അജ്മീർ ഷരീഫ് ഉൾപ്പെട്ട കേസിൽ ഹരജിക്കാരനായ വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ തലവൻ വിഷ്ണു ഗുപ്ത പറഞ്ഞു. ദർഗയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഉണ്ടെങ്കിൽ റദ്ദാക്കണം. സർവേ എഎസ്ഐ വഴി നടത്തുകയും ഹിന്ദുക്കൾക്ക് അവിടെ ആരാധന നടത്താനുള്ള അവകാശം നൽകുകയും വേണമെന്നും വിഷ്ണു ഗുപ്ത വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.  ദർഗയ്ക്ക് ചുറ്റും ഹിന്ദു കൊത്തുപണികളും പ്രതിമകളും ശിവക്ഷേത്രത്തിലെ അവശിഷ്ടങ്ങളുമുണ്ടെന്നും ജൈനക്ഷേത്രം നിലനിൽക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ ഹർജിക്കാരുടെ അവകാശവാദം  ദർഗ്ഗാ കമ്മിറ്റി നിഷേധിച്ചു. നാനാത്വത്തിലും ബഹുസ്വരതയിലും ഏകത്വമാണ് ദർഗ പ്രോത്സാഹിപ്പിക്കുന്നതെന്നും അഫ്ഗാനിസ്ഥാൻ മുതൽ ഇന്തോനേഷ്യ വരെ ലോകമെമ്പാടും ദർഗക്ക് ലക്ഷക്കണക്കിന് അനുയായികളുണ്ടെന്നും അഞ്ജുമൻ സയ്യിദ് ജദ്ഗാൻ സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ സാമുദായിക സൗഹാർദ്ദത്തിനും രാഷ്ട്രത്തിനും എതിരാണ്. കോടതി ഇന്ന് മൂന്ന് കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കാശിയിലെയും മഥുരയിലെ കാലപ്പഴക്കമുള്ള മസ്ജിദുകളെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

click me!