ഫറൂഖാബാദ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എടിഎമ്മിനെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. രണ്ട് പേർ ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചു.
ലക്നൗ: എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ കിട്ടിയതായി രണ്ട് ഉപഭോക്താക്കളുടെ ആരോപണം. ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ ഒരു എടിമ്മിൽ നിന്ന് ഏതാനും കള്ളനോട്ടുകൾ കിട്ടിയതായാണ് പ്രദേശവാസികളിൽ ചിലർ ആരോപിച്ചത്. നൂറ് രൂപയുടെയും 200 രൂപയുടെയും കള്ളനോട്ടുകളാണത്രെ എടിഎം മെഷീനിൽ നിന്ന് ലഭിച്ചതെല്ലാം. ഇതോടെ നേരത്തെയും ഇവിടെ നിന്ന് പണമെടുത്തിട്ടുള്ളവർ ഉൾപ്പെടെ ആശങ്കയിലായി.
ഫറൂഖാബാദ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എടിഎമ്മിനെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. ഇവിടെ നിന്ന് ആദ്യം 300 രൂപ പിൻവലിച്ച ഒരാൾക്ക് കിട്ടിയ 100 രൂപയുടെയും 200 രൂപയുടെയും നോട്ടുകളിൽ അദ്ദേഹത്തിന് സംശയം തോന്നി. പരിശോധിച്ചപ്പോൾ കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. പിന്നീട് മറ്റൊരാൾ 400 രൂപ പിൻവലിച്ചപ്പോൾ കിട്ടിയതും രണ്ട് കള്ളനോട്ടുകൾ. തുടർന്ന് രണ്ട് പേരും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി.
undefined
സംഭവം അറിഞ്ഞ് നാട്ടുകാർ എടിഎമ്മിന് മുന്നിൽ തടിച്ചുകൂടി. കള്ളനോട്ട് കിട്ടിയവർ പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിട്ടും പൊലീസുകാർ നടപടിയൊന്നും സ്വീകരിക്കാതെ ഇവരെ പറഞ്ഞയച്ചെന്നും ആരോപണമുണ്ട്. ഇതോടെ പരിസരത്തെ എടിഎമ്മുകളുടെ സുരക്ഷയെക്കുറിച്ച് നാട്ടുകാർക്ക് ആശങ്കയേറിയെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബാങ്കോ എടിഎം കമ്പനിയോ ഇതുവരെ പ്രതികരിച്ചില്ല. ഇതും ആളുകളെ അസ്വസ്ഥരാക്കുന്നുണ്ട്. സംഭവത്തിൽ മറ്റ് അധികൃതരുടെയും വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം