സിആർപിഎഫ് സ്കൂളിലെ സ്ഫോടനം: ദൃശ്യങ്ങളിൽ വെളുത്ത ടീ-ഷ‍ർട്ട് ധരിച്ചയാൾ, നിർണായക വിവരങ്ങൾ പുറത്ത്

By Web TeamFirst Published Oct 21, 2024, 7:42 PM IST
Highlights

പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ സ്ഥാപിച്ചതെന്ന് ഡൽഹി പൊലീസ്.

ദില്ലി: ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.

ഒന്നര അടി മുതൽ ഒരടി വരെ താഴ്‌ചയുള്ള കുഴിയിലാണ് സ്ഫോടക വസ്‌തു സ്ഥാപിച്ചത്. ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ സ്ഥാപിച്ചതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടക വസ്‌തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ക്രൂഡ് ബോംബുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. എൻഎസ്‌ജി ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്ഫോടനത്തിൻ്റെ ഭാഗമാണോ എന്ന് അന്വേഷിക്കുകയാണ്.

Latest Videos

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെള്ളപ്പൊടി അമോണിയം ഫോസ്ഫേറ്റും മറ്റ് രാസവസ്‌തുക്കളും ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബിൽ നിന്നുള്ളതാണെന്നാണ് പ്രാഥമിക നി​ഗമനം. സ്ഫോടനത്തെ തുടർന്ന് സിആർപിഎഫ് സ്‌കൂളിൻ്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സിആർപിഎഫ് സ്കൂളിന് എതിർവശത്തുള്ള കടകളുടെ ജനൽ ചില്ലുകളും സൈൻ ബോർഡുകളും തകർന്നു. 

അതേസമയം, രോഹിണി ജില്ലയിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂ‌ളിലാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് വൻ പുകപടലം രൂപപ്പെട്ടു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകർന്നിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

READ MORE: അന്ന് ഷാഫി പറമ്പിലിന് എൽഡിഎഫ് വോട്ട് മറിച്ചു, ആ ഡീല്‍ ഇത്തവണ പൊളിയുമെന്ന് കെ. സുരേന്ദ്രന്‍

click me!