രാമായണവും മഹാഭാരതവും സാങ്കൽപികമെന്ന് പഠിപ്പിച്ച കോൺവെന്റ് സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

By Web TeamFirst Published Feb 13, 2024, 10:28 AM IST
Highlights

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളോട് അധ്യാപിക നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബിജെപി ഉള്‍പ്പെടെയുള്ള സംഘനകള്‍ രംഗത്തെത്തിയത്. ഇവർ ശനിയാഴ്ച പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ബംഗളുരു: രാമായണവും മഹാഭാരതവും സാങ്കൽപികമാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ അധ്യാപികയെ പിരിച്ചുവിട്ടു. മംഗലാപുരത്താണ് സംഭവം. ബിജെപി ഉൾപ്പെടെയുള്ള സംഘനകള്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളും അധ്യാപിക നടത്തിയെന്നാണ് പ്രതിഷേധിച്ച സംഘനകളുടെ ആരോപണം.

മംഗലാപുരത്തെ സെന്റ് ജെറോസ ഇംഗീഷ് പ്രൈമറി സ്കൂള്‍ അധ്യാപികയ്ക്കെതിരെയാണ് ബിജെപി എംഎൽഎ വേദ്‍യാസ് കാമത്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. രാമായണവും മഹാഭാരതവും സാങ്കൽപികമാണെന്ന് ഇവര്‍ കുട്ടികളെ പഠിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളും കുട്ടികളോട് അധ്യാപിക നടത്തിയെന്ന് എംഎൽഎ ആരോപിച്ചു. 2002ലെ ഗോന്ധ്ര കലാപവും ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസും പരാമര്‍ശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക സംസാരിച്ചതെന്നും ഇത് കുട്ടികളുടെ മനസിൽ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എംഎൽഎ ആരോപിച്ചു. അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സ്കൂളിന് ചില സംഘനകൾ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ പിരിച്ചുവിട്ടത്.

Latest Videos

ശ്രീരാമൻ ഒരു സാങ്കൽപിക കഥാപാത്രമാണെന്ന് അധ്യാപിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ചില രക്ഷിതാക്കള്‍ ആരോപിച്ചു. "നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനത്തെക്കുറിച്ചാണ് പറ‌യുന്നത്. എന്നാൽ നിങ്ങളുടെ സിസ്റ്റര്‍മാർ ഹിന്ദു കുട്ടികളോട് പൊട്ടുതൊടരുതെന്നും പൂ ചൂടരുതെന്നും പറയുന്നു. ശ്രീരാമന്റെ വേണ്ടി ചെയ്യുന്ന പാൽ അഭിഷേകം വെറു നഷ്ടമാണെന്ന് പറയുന്നു. നിങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അപമാനിച്ചാൽ നിങ്ങൾ വെറുതെയിരിക്കുമോ?" എംഎൽഎ ചോദിച്ചു.

അതേസമയം 60 വര്‍ഷമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇത്തരമൊരു കാര്യം ആദ്യമായാണ് സംഭവിക്കുന്നതെന്നും ഇത് കാരണം തങ്ങളുടെ വിശ്വാസ്യതയ്ക്ക് താത്കാലികമായി ഭംഗം വന്നിട്ടുണ്ടെന്നും സ്കൂള്‍ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടി എല്ലാവരുടെയും സഹകരണവും സ്കൂൾ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിഷയം അന്വേഷിക്കുകയാണ്. ഇതിനിടെയാണ് അധ്യാപികയെ പിരിച്ചുവിട്ടുകൊണ്ട് സ്കൂളിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!