ഇപ്പോൾ വാടക നൽകേണ്ടതില്ലെന്ന് വെല്ലൂർ ജില്ലാ കളക്ടർ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്
വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് വെല്ലൂർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള 150 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചു. നോട്ടീസിന് പിന്നാലെ ആശങ്കയിലായ ഗ്രാമവാസികൾക്ക് വേണ്ടി ഇടപെട്ട കോൺഗ്രസ് എം എൽ എ ഹസൻ മൗലാന, വഖഫ് ഭാരവാഹികളുമായി സംസാരിച്ച ശേഷം ആരെയും ഇവിടെ നിന്ന് കുടിയിറക്കില്ലെന്ന ഉറപ്പ് നൽകി. പക്ഷേ വഖഫ് ബോർഡിന് ഭൂമിയുടെ അവകാശവാദം അനുബന്ധ രേഖകൾ പ്രകാരം തെളിയിക്കാനായാ? ഗ്രാമവാസികൾ വാടക നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാമമാത്രമായ വാടകയായിരിക്കും നൽകേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. 'ഒരിക്കൽ വഖഫ് ഭൂമിയെങ്കിൽ, എപ്പോഴും വഖഫ് ഭൂമി തന്നെ' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വെല്ലൂർ ജില്ലയിലെ കാട്ടുകൊലൈ ഗ്രാമത്തിലെ 150 ഓളം കുടുംബങ്ങൾക്കാണ് അവരുടെ ഭൂമി വഖഫിന്റേതാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചിട്ടുള്ളത്. കാട്ടുകൊലൈയിലെ ഭൂമി പ്രാദേശിക ദർഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ് സയ്യിദ് സദ്ദാം ആണ് നോട്ടീസ് അയച്ചത്. സർവേ നമ്പർ 362 ൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമി കയ്യേറിയതായി അവകാശപ്പെട്ട് സദ്ദാം ബാലാജി എന്ന വ്യക്തിക്ക് അയച്ച നോട്ടീസാണ് പുറത്തുവന്നിട്ടുള്ളത്. നോട്ടീസ് പ്രകാരം ബാലാജി, മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീടും കടയും നിർമ്മിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർ പെർമിറ്റ് നേടുകയും, ഭൂമി വാടക നൽകുകയും, വഖഫ് നിയമങ്ങൾ പാലിക്കുകയും വേണം. അല്ലാത്തപക്ഷം നിയമപരമായി അവരെ പുറത്താക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. 2021 ൽ പിതാവിന്റെ മരണശേഷം ദർഗയുടെയും പള്ളിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത സയ്യിദ് സദ്ദാം, 1954 മുതൽ ഭൂമി വഖഫ് ബോർഡിന്റേതാണെന്നും അതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും വിവരിച്ചിട്ടുണ്ട്.
പിതാവ് ആ ഭൂമിയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വാടക വാങ്ങിയിരുന്നില്ലെന്നും എന്നാൽ ഇനി മുതൽ താമസക്കാർ വാടക നൽകാൻ തയ്യാറാകണമെന്നും സദ്ദാം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് നോട്ടീസുകൾ കൂടി അയയ്ക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സദ്ദാം പറയുന്നത്. 150 കുടുംബങ്ങൾക്കും സമാനമായ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു മുന്നണി ഡിവിഷണൽ സെക്രട്ടറി പ്രവീൺ കുമാർ പറഞ്ഞു. വീടും ഉപജീവനമാർഗവും നഷ്ടപ്പെടുമെന്ന ഭയത്തിലുള്ള ഗ്രാമീണർക്ക് ഔദ്യോഗിക ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ (പട്ടകൾ) നൽകണമെന്ന് അദ്ദേഹം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇപ്പോൾ വാടക നൽകേണ്ടതില്ലെന്ന് വെല്ലൂർ ജില്ലാ കളക്ടർ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം