കാലഘട്ടത്തിന് അനുസരിച്ച് എന്ത് മാറ്റം വേണമെന്ന് ആലോചിക്കുമെന്നും പുനർവ്യാഖ്യാനം ആവശ്യമെങ്കിൽ അതിന് പഠനം നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.
ദില്ലി: സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പഠിക്കാൻ തമിഴ്നാട് സർക്കാർ സമിതിയെ നിയോഗിച്ച സംഭവത്തിൽ പ്രതികരണമറിയിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് കൃത്യത തേടുക എന്നതാണ് തൻ്റെ സമിതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് എന്ത് മാറ്റം വേണമെന്ന് ആലോചിക്കുമെന്നും പുനർവ്യാഖ്യാനം ആവശ്യമെങ്കിൽ അതിന് പഠനം നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു. പ്രതിഫലം കൈപ്പറ്റാതെയാണ് സമിതി അധ്യക്ഷനായി പ്രവർത്തിക്കുകയെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി.
സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ രൂപീകരണം, നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് പ്രഖ്യാപിച്ചത്. കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പര്യാപ്തമായ നടപടികളും സംസ്ഥാനങ്ങളുടെ അവകാശം നേടിയെടുക്കാൻ ആവശ്യമായ ഭരണഘടനാ ഭേദഗതികളും അടങ്ങുന്ന റിപ്പോർട്ട് സമിതി സമർപ്പിക്കണം. ജനുവരിയിൽ ഇടക്കാല റിപ്പോർട്ടും 2 വർഷത്തിനുള്ളിൽ സമ്പൂർണ റിപ്പോർട്ടും നൽകാനാണ് നിർദേദശം. 1969ൽ സംസ്ഥാനങ്ങളുടെ അവകാശം സംബന്ധിച്ച് കരുണാനിധി സർക്കാർ, രാജാമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണ് പുതിയ നീക്കം. എല്ലാ സംസ്ഥാനങ്ങളുടെയും സ്വയംഭരണാധികാരങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാണ് നടപടിയെന്നും സ്റ്റാലിൻ പറഞ്ഞു.