മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം.
കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യു അവകാശം എന്നു തിരിച്ചു തിരിച്ചു കിട്ടുമെന്നതില്‍ കൃത്യമായി ഉത്തരം പറയാതെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു. പ്രശ്നം പരിഹരിക്കുമെന്ന് മുനമ്പത്ത് എത്തി ഉറപ്പു നല്‍കിയ കിരണ്‍ റിജിജു പക്ഷേ ജനങ്ങള്‍ നിയമ വ്യവഹാരം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ചാണ് മടങ്ങിയത്. മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം.
വഖഫ് നിയമഭേദഗതി പാസായയോടെ മുനമ്പത്തെ കുടുംബങ്ങളുടെ ഭൂമി പ്രശ്നം പരിഹരിക്കപ്പെട്ടെന്ന പ്രതീതിയാണ് സംസ്ഥാന ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ വാക്കുകളിലെ സൂചന അങ്ങിനെയായിരുന്നില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അങ്ങനെയൊരു വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേ മതിയാകൂ. മുനമ്പത്തുകാര്‍ ഒരുപക്ഷേ സുപ്രീംകോടതി വരെ പോകേണ്ടി വന്നേക്കാമെന്ന സൂചനയും മന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.
നന്ദി മോദി എന്ന പേരില്‍ മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിലും പ്രശ്ന പരിഹാരത്തിന് സമയ പരിധി പറയാന്‍ മന്ത്രി തയാറായില്ല. മറിച്ച് നിയമ ഭേദഗതിയില്‍ മുനമ്പത്തുകാര്‍ക്ക് അനുകൂലമായ വ്യവസ്ഥകളുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെടും വരെ ഒപ്പമുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. റവന്യു അവകാശം പുനസ്ഥാപിച്ചെന്ന പ്രഖ്യാപനം മന്ത്രിയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്ന മുനമ്പം സമര സമിതി നിരാശ പരസ്യമാക്കി. നിയമഭേദഗതി ഏതു തരത്തില്‍ മുനമ്പത്തിന് ഗുണകരമാകുമെന്നതടക്കം സമര സമിതി ഉന്നയിച്ച സംശയങ്ങള്‍ക്ക് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന ഉറപ്പ് മന്ത്രി നല്‍കിയിട്ടുണ്ടെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പിനെയും കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും കണ്ടിരുന്നു. മുനമ്പം പ്രശ്നം സമയബന്ധിതമായി പരിഹരിക്കണമെന്ന ആവശ്യം ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പിലും മന്ത്രിക്കു മുന്നില്‍ വച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം