അസ്വഭാവികത തോന്നി പരിശോധിച്ച 2 പേരും കുടുങ്ങി; ക്യാപ്സൂൾ രൂപത്തിൽ ശരീത്തിലുണ്ടായിരുന്നത് ഒരു കിലോയോളം സ്വർണം

By Web TeamFirst Published Apr 18, 2024, 9:47 PM IST
Highlights

ലഗേജുകൾ വിശദമായി പരിശോധിച്ച ശേഷം ശരീര പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ അസ്വഭാവികമായ ചില വസ്തുക്കൾ കണ്ടത്.

ന്യൂഡൽഹി: ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരെ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. രണ്ട് പേരിൽ നിന്നുമായി 1.21 കോടി രൂപ വിലമതിക്കുന്ന 1.89 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കസ്റ്റംസ് അറിയിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് രണ്ട് സമയത്തായി എത്തിയവരായിരുന്നു രണ്ട് സന്ദർഭങ്ങളിലായി പിടിയിലായ ഇരുവരും.

സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്. ചൊവ്വാഴ്ച ജിദ്ദയിൽ നിന്ന് വന്നിറങ്ങിയ ആദ്യ യാത്രക്കാരന്റെ ലഗേജുകൾ വിശദമായി പരിശോധിച്ച ശേഷം ശരീര പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ അസ്വഭാവികമായ ചില വസ്തുക്കൾ കണ്ടത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം റബ്ബർ പോലുള്ള വസ്തുകൊണ്ട് നിർമിച്ച  ക്യാപ്സ്യൂളുകളിലാക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. ഇവ വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ 917.3 ഗ്രാം സ്വ‍ർണമുണ്ടായിരുന്നു. 59.81 ലക്ഷം  രൂപ വിലവരുമെന്ന് കസ്റ്റംസ് അധിക‍ൃതർ പറ‌ഞ്ഞു.

Latest Videos

തിങ്കളാഴ്ച എത്തിയ മറ്റൊരു യാത്രക്കാരിനെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. ഇയാളുടെ ശരീരത്തിലും ക്യാപ്സ്യൂളുകളുണ്ടായിരുന്നു. വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ 981.34 ഗ്രാം സ്വർണം. രണ്ട് പേരിൽ നിന്നും കണ്ടെടുത്ത 1.89 കിലോഗ്രാം സ്വർണത്തിന് വിപണിയിൽ 1.21 കോടി രൂപ വിലവരും. ഇവർക്കെതിരെ നിയമ നടപടികൾ തുടങ്ങിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!