നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം 26 ഹർജികൾ ഇന്ന് പരിഗണിക്കും

By Web TeamFirst Published Jul 8, 2024, 1:01 AM IST
Highlights

സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിൽ വരിക. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നൽകിയേക്കും. ഹർജികൾ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റർ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി. കേസിൽ തീർപ്പ് വരുന്നത് വരെ കൗൺസലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.

വിശദവിവരങ്ങൾ ഇങ്ങനെ

Latest Videos

നീറ്റ് പരീക്ഷ റദ്ദാക്കണം, ഗ്രേസ് മാർക്ക് നൽകിയതിൽ അന്വേഷണം വേണം എന്നതടക്കം 26 ഹർജികളാണ് ഇന്ന് കോടതിക്ക് മുന്നിൽ എത്തുന്നത്. പുനഃപരീക്ഷ വേണ്ട എന്ന് ചൂണ്ടിക്കാട്ടിയും ചിലർ കോടതിയിൽ എത്തിയിട്ടുണ്ട്. കൗൺസിലിംഗ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹർജിക്കാരിൽ ചിലർ ഉന്നയിച്ചെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല. കോടതി നൽകിയ നോട്ടീസിൽ കേന്ദ്രവും എൻ ടി എയും പരീക്ഷ റദ്ദാക്കുന്നത് പ്രയോഗിക നടപടിയാകില്ലെന്ന് മറുപടി നൽകിയിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.

അതേസമയം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാണ് സോളിസിറ്റർ ജനറലുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച ചെയ്തതെന്നാണ വിവരം. ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന ചോദ്യപേപ്പർ ചോർച്ച പരീക്ഷയെ ആകെ ബാധിച്ചിട്ടില്ലെന്നാണ് സർക്കാർ നിലപാട്. കോടതി കേസ് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം നീറ്റ് കൗൺസിലിംഗിൽ സർക്കാർ വ്യക്തത വരുത്തിയിരുന്നു. നീറ്റ് യു ജി കൗൺസിലിംഗ് ഈമാസം 20 ന് ശേഷമേ ശേഷമേ ഉണ്ടാകൂ എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ആകെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ കൗൺസിലിംഗിനുള്ള കമ്മറ്റിക്ക് വിവരം നൽകേണ്ടതുണ്ട്. കേസിൽ തീർപ്പ് വരുന്നത് വരെ കൗൺസലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.

ആർക്കും ഭൂരിപക്ഷമില്ല! ഫ്രാൻസിൽ ഇടത് കുതിപ്പ്, 'സർക്കാരുണ്ടാക്കും'; തീവ്ര വലതുപക്ഷത്തെ വീഴ്ത്തി 'സഹകരണ ബുദ്ധി'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!