ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

By Web TeamFirst Published Jan 29, 2024, 9:13 PM IST
Highlights

തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

 രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

Latest Videos

മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

രാവിലെ പത്ത് മണിയോടെ നിഹാരികയുടെ അമ്മൂമ്മ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറക്കാതെ വന്നപ്പോൾ മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ കുട്ടി തൂങ്ങി മരിച്ചയായി കണ്ടെത്തുകയും ചെയ്തു. രാജസ്ഥാനിലെ കോച്ചിങ് സെന്ററുകള്‍ക്ക് പേരുകേട്ട കോട്ടയിൽ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. കഴിഞ്ഞ വര്‍ഷം 23 വിദ്യാർത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!