Latest Videos

കാര്‍ ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക്; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഏഴ് മരണം

By Web TeamFirst Published Jun 29, 2024, 2:52 PM IST
Highlights

മുംബൈ - നാഗ്പൂർ എക്സ്‍പ്രസ് വേയിലാണ് സംഭവം. മൂന്ന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

മുംബൈ: മഹാരാഷ്ട്രയില്‍ ജൽന ജില്ലയിലെ സമൃദ്ധി ഹൈവേയിൽ (മുംബൈ - നാഗ്പൂർ എക്സ്പ്രസ് ഹൈവേ) കാറപകടത്തില്‍ ഏഴു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ച കാർ, വേഗത്തിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകളിലുണ്ടായിരുന്നവർ തെറിച്ചുവീണാണ് മരണം സംഭവിച്ചത്. ആറ് പേർ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ജൽനയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

പ്രദേശവാസികള്‍ വിളിച്ചറിയിച്ചതോടെയാണ് താൻ സംഭവ സ്ഥലത്തെത്തിയതെന്ന് പട്രോളിംഗിലുണ്ടായിരുന്ന രാംദാസ് നികം പറഞ്ഞു. എർട്ടിഗ കാറും സ്വിഫ്റ്റ് ഡിസയർ കാറുമാണ് കൂട്ടിമുട്ടിയത്. സ്വിഫ്റ്റിൽ മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സന്ദീപ് ബുധ്വാൻ, പ്രദീപ് മിസാൽ എന്നിവർ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ വെച്ചും മരിച്ചു. എർട്ടിഗയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷക്കീൽ മൻസൂരി, ഫയാസ് മൻസൂരി, അൽതമേസ് മൻസൂരി, ഫൈസൽ ഷക്കീൽ മൻസൂരി എന്നീ മലാഡ് സ്വദേശികളാണ് മരിച്ചത്. ഷക്കീൽ മൻസൂരി, അൽത്താഫ് മൻസൂരി, രാജേഷ് കുമാർ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!