ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദില്ലി: ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വർഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരൻ ദില്ലി സർവകലാശാല ലോ സെന്‍ററിലെ പൂർവ വിദ്യാർത്ഥിയാണ്. 2013ലാണ് സുപ്രീംകോടതി എൻ ഹരിഹരന് മുതിർന്ന അഭിഭാഷക പദവി നൽകിയത്.
ഉപാധ്യക്ഷനായി മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരിയും തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷക കനിക സിംഗാണ് ട്രഷറും കുണാൽ മൽഹോത്ര ജോയിൻ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ വിപിൻ നായർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ദില്ലിയിലെ പ്രധാനപ്പെട്ട രണ്ട് കോടതികളിലെ അഭിഭാഷക അസോസിയേഷനുകൾക്ക് നേതൃത്വം നൽകുന്നത് മലയാളികളാണ്.