ശബ്ദം കേട്ടെത്തിയത് സെക്യൂരിറ്റി, 4.40ന് ഉറക്കം ഉണർന്നെന്ന് അമ്മ; 12കാരി 29-ാം നിലയിൽ നിന്ന് താഴേക്ക് ചാടി

By Web TeamFirst Published Jan 24, 2024, 11:34 AM IST
Highlights

സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ അച്ഛന്‍ അടുത്തിടെ ജോലി ഉപേക്ഷിച്ച് ഓഹരി വ്യാപരത്തിലേക്ക് തിരിഞ്ഞിരുന്നു. വാടകയ്ക്കാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. 

ബംഗളുരു: ഏഴാം ക്ലാസുകാരിയെ  29-ാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ഹുളിമാവുലുള്ള ബേഗുര്‍ റോഡിലാണ് സംഭവം. 29-ാം നിലയിലെ അപ്പാര്‍ട്ട്മെന്റിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

രാവിലെ അഞ്ച് മണിയോടെ ഫ്ലാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ താഴത്തെ നിലയിലെ ഇടനാഴിയിൽ ഒരു ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു. 12 വയസുകാരി ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ട് അദ്ദേഹം അപ്പാര്‍ട്ട്മെന്റിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെയും മറ്റുള്ളവരെയും വിവരമറിയിച്ചു. താഴത്തെ നിലയിലെ താമസക്കാര്‍ അപ്പോഴേക്കും ഇടനാഴിയിലേക്ക് ഓടിയെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.

Latest Videos

ബെന്നാര്‍ഗട്ട റോഡിലെ ഒരു സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, തന്റെ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ്. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ അച്ഛനും അമ്മയോടുമൊപ്പം വാടകയ്ക്കാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. അച്ഛന്‍ ആറ് മാസം മുമ്പ് സോഫ്റ്റ്‍വെയര്‍ മേഖലയിലെ ജോലി  ഉപേക്ഷിച്ച് ഓഹരി  വ്യാപാരത്തിലേക്ക് തിരിഞ്ഞു.

വീട്ടിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയുടെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായില്ല. കുട്ടിയുടെ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ആത്മഹത്യയിലേക്ക് സൂചന നല്‍കുന്ന മറ്റ് വിവരങ്ങളുമില്ല. രാവിലെ 4.40ഓടെ കുട്ടി ഉറക്കമുണര്‍ന്നത് കണ്ടെന്ന് അമ്മ പറഞ്ഞു. ഈ സമയം അമ്മ മുറിയിലേക്ക് ചെന്നിരുന്നു. എന്താണ് നേരത്തെ എഴുന്നേറ്റതെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ല. മുറിയിലേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തു. പിന്നീടാണ് താഴേക്ക് ചാടിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!