ബിജെപിയെയും കോൺ​ഗ്രസിനെയും മുട്ടുകുത്തിച്ചു; രാജ്യത്തെ ഏറ്റവും ധനികയായ വനിത ഇനി ഹരിയാന നിയമസഭയിൽ! 

By Web Team  |  First Published Oct 8, 2024, 9:22 PM IST

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സാവിത്രി ജിന്‍ഡാലിന് അവസാന നിമിഷം ബിജെപി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രയായി പത്രിക നല്‍കി. 


ദില്ലി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥിയും രാജ്യത്തെ ഏറ്റവും വലിയ ധനികയുമായ സാവിത്രി ജിൻഡാൽ. ഹിസാർ മണ്ഡലത്തിൽ നിന്നാണ് 18,941 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സാവിത്രി വിജയിച്ചത്. ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സാവിത്രി ജിൻഡാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.  കുരുക്ഷേത്രയിലെ ബിജെപി എംപി നവീൻ ജിൻഡാൽ മകനാണ്. നേരത്തെ 10 വർഷം കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎ ആയിരുന്നു സാവിത്രി. ഒരു തവണ മന്ത്രിയുമായി.

ഈ വർഷം മാർച്ചിലാണ് സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിൻഡാലിന്‍റെ ഭാര്യയാണ് 74കാരിയായ സാവിത്രി. 2024ലെ ഫോബ്‌സ് പട്ടിക പ്രകാരം സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. 29.1 ബില്യൺ ഡോളർ (3.65 ലക്ഷം കോടി രൂപ) ആസ്തിയുണ്ട് സാവിത്രി ജിൻഡാലിനെന്ന് റിപ്പോർട്ടിൽ പറയുന്നു.

Latest Videos

undefined

സമ്പാദ്യം 270 കോടി എന്നാണ് നാമനിർദേശ പത്രികയിൽ പറഞ്ഞിരിക്കുന്നത്. ജിൻഡാൽ ഗ്രൂപ്പിന്‍റെ മുൻ ചെയർപേഴ്സണാണ് സാവിത്രി. വ്യവസായി ഓം പ്രകാശ് ജിൻഡാലിന്‍റെ മരണശേഷം, സാവിത്രി കുടുംബത്തിന്‍റെ ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്‍റെ (ജെഎസ്പിഎൽ) ചുമതല ഏറ്റെടുക്കുകയായിരുന്നു. 

 

आभार हिसार परिवार 🙏 pic.twitter.com/92mr7GtDxJ

— Savitri Jindal (@SavitriJindal)
click me!