ദേശീയ പതാക ഉയര്‍ത്താൻ അനുമതി നൽകിയ കൊടിമരത്തിൽ ഹനുമാൻ പതാക ഉയര്‍ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം
ബെംഗലൂരു: കർണാടകയിലെ മണ്ഡ്യയിൽ ഹനുമാന്‍റെ ചിത്രമുള്ള പതാക ഉയർത്തിയതിനെത്തുടർന്ന് വിവാദം ശക്തം. മണ്ഡ്യയിലെ കരെഗോഡു ഗ്രാമത്തിൽ ബിജെപി, ജെഡിഎസ്, തീവ്രഹിന്ദുസംഘടനകൾ എന്നിവർ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി. പഞ്ചായത്ത് അനുമതി ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തേണ്ട കൊടിമരത്തിൽ ഉയര്‍ത്തിയ ഹനുമാൻ പതാക നീക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.
ദേശീയ പതാക ഉയര്‍ത്താൻ അനുമതി നൽകിയ കൊടിമരത്തിൽ ഹനുമാൻ പതാക ഉയര്‍ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. 108 അടി ഉയരമുള്ള കൊടിമരത്തിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്താനാണ് പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ ഒരു വിഭാഗമാളുകൾ ജനുവരി 19-ന് കൊടിമരത്തിൽ ഹനുമാന്‍റെ ചിത്രമുള്ള പതാക കെട്ടി. ഇതിനെതിരെ ദളിത് സംഘടനകളടക്കം പഞ്ചായത്തിന് പരാതി നൽകി.
പഞ്ചായത്തധികൃതരും പൊലീസും ചേർന്ന് ഹനുമാൻ പതാക അഴിച്ച് മാറ്റി പകരം ദേശീയ പതാക കെട്ടി. ഇത് ഹിന്ദുവിരുദ്ധ നടപടിയാണെന്നാരോപിച്ച് പ്രതിഷേധം കടുപ്പിക്കാൻ ബിജെപി അടക്കമുള്ള പാർട്ടികളും തീവ്രഹിന്ദു സംഘടനകളും തീരുമാനിച്ചു. ഹനുമാൻ പതാകയേന്തി എത്തിയ ബിജെപി പ്രവർത്തകരെ അടക്കം പൊലീസ് തടഞ്ഞു. തുടർന്ന് ഉന്തും തള്ളും ലാത്തിച്ചാർജുമുണ്ടായി.
പ്രതിപക്ഷനേതാവ് ആർ അശോകയെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി. സംഭവത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ദക്ഷിണ കർണാടകയിൽ വോട്ട് ലക്ഷ്യമിട്ട് ബിജെപി ജെഡിഎസ്സുമായി ചേർന്ന് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. പഞ്ചായത്ത് വക ഭൂമിയിൽ മതപരമായ പതാകകൾ അനുമതിയില്ലാതെ ഉയർത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.