രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്: നിലപാട് വ്യക്തമാക്കി സിപിഎം പിബി, 'ഭരണകൂടത്തിന് മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല'

By Web TeamFirst Published Dec 26, 2023, 4:17 PM IST
Highlights

മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്‍റെ നയമെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു. ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

Latest Videos

ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീംകോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണെന്നും സിപിഎം വിലയിരുത്തി. സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്.

എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം നേതാക്കളാരും പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം ച‍ടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻസിപി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നാണ് കോൺഗ്രസ് അറിയിച്ചത്. 

ചെങ്കടലിൽ കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നേരിടുന്ന പ്രശ്നം എന്താണ്? ഹൂതികളുടെ ലക്ഷ്യം വളരെ വലുത്, കാരണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!