രാജ്കോട്ടിൽ ഗെയിമിങ് സെൻ്ററിലെ തീപിടിത്തം: മരണസംഖ്യ 28 ആയി ഉയര്‍ന്നു, മരിച്ചവരിൽ 12 കുട്ടികൾ

By Web Team  |  First Published May 26, 2024, 5:55 AM IST

താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്


അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഗെയ്മിംഗ് സെൻ്ററിൻ്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആർപി ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്.

അതിനിടെ ദുരന്തത്തിന് കാരണമായത് വൻ സുരക്ഷാ വീഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ടിആർപി ഗെയിം സോൺ രണ്ടുവർഷമായി പ്രവർത്തിച്ചത് ഫയർ എൻഒസി ഇല്ലാതെയാണെന്ന് വ്യക്തമായി. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എൻട്രിയും, ഒരു എക്സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ റേസിങിന് ഉപയോഗിക്കാൻ കൂടിയ അളവിൽ ഇന്ധനം സൂക്ഷിച്ചത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി. അവധി ദിവസമായതിനാൽ  ഓഫർ നിരക്കിൽ ടിക്കറ്റ് നൽകിയതോടെ തിരക്കേറി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുരന്തസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ദൗത്യസംഘത്തിന്റെ പരിശോധന തുടരുകയാണ്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!