ദിവസം 200 രൂപ 'കൂലി'; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി, ഒരാൾ പിടിയിൽ 

By Web Team  |  First Published Nov 30, 2024, 8:55 AM IST

വിവരങ്ങൾ ചോർത്തി നൽകിയതിന് പാക് ഏജൻ്റിൽ നിന്ന് മൊത്തം 42,000 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.


ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് ചോർത്തി നൽകിയ ആൾ പിടിയിൽ. ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ് ഗോഹിൽ എന്നയാളാണ് ​ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ പാക് ഏജന്റിന് ചോർത്തി നൽകുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കോസ്റ്റ് ഗാർഡിൻ്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിന് പകരമായി ദിപേഷിന് പ്രതിദിനം 200 രൂപ ലഭിക്കുകയും പാക് ഏജൻ്റിൽ നിന്ന് മൊത്തം 42,000 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് കണ്ടെത്തൽ. സഹിമ എന്ന വ്യാജ പേരാണ് പാക് ഏജന്റ് ഉപയോ​ഗിക്കുന്നതെങ്കിലും ഐഡൻ്റിറ്റി വ്യക്തമല്ല. ഫേസ്ബുക്കിൽ ദിപേഷുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഇയാൾ വാട്സ്ആപ്പിലും ദിപേഷുമായുള്ള ബന്ധം തുടർന്നു. ഓഖ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന കോസ്റ്റ് ഗാർഡ് ബോട്ടിൻ്റെ പേരും നമ്പറും ഇയാൾ ദിപേഷിനോട് ചോദിച്ചിരുന്നു. 

Latest Videos

undefined

ഓഖയിൽ നിന്നുള്ള ഒരാൾ കോസ്റ്റ് ഗാർഡ് ബോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പാകിസ്ഥാൻ നാവികസേനയുടെയോ ഐഎസ്ഐയുടെയോ ഏജൻ്റുമായി വാട്ട്‌സ്ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചെന്ന് ഗുജറാത്ത് എടിഎസ് ഓഫീസർ കെ സിദ്ധാർത്ഥ് പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ഓഖ സ്വദേശിയായ ദിപേഷ് ഗോഹിൽ എന്നയാളെ അറസ്റ്റ് ചെയ്തു. ദിപേഷ് സമ്പർക്കം പുലർത്തിയിരുന്ന നമ്പർ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.

ഓഖ തുറമുഖത്തെ കപ്പലുകളിലേക്ക് ദിപേഷിന് എളുപ്പത്തിൽ എത്തിച്ചേരാമായിരുന്നുവെന്ന് എടിഎസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ ഏജന്റിന് വിവരങ്ങൾ കൈമാറിയതിന് ദിപേഷിന് പ്രതിദിനം 200 രൂപ ലഭിച്ചു. അക്കൗണ്ടില്ലാത്തതിനാൽ ഈ പണം സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് വെൽഡിംഗ് ജോലിക്കുള്ള പണമാണെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് ഈ പണം വാങ്ങിയെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എടിഎസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

READ MORE: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

click me!