കോൺഗ്രസിൽ നിന്ന് ആര്‍ക്കും അയോധ്യയിൽ പോകാം, ഒരു തടസവുമില്ല; ബഹിഷ്‌കരണത്തിന്റെ കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി

By Web TeamFirst Published Jan 16, 2024, 7:07 PM IST
Highlights

സര്‍വ മതങ്ങളിലെയും ആചാരങ്ങളെ എപ്പോഴും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുൽ ഗാന്ധി

ഗാങ്ടോക്: കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കും അയോധ്യയില്‍ പോകാമെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രതിഷ്ഠാ ദിനം മോദിയുടെ ചടങ്ങാക്കുന്നതു കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ  അയോധ്യ സന്ദര്‍ശനത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി നേതാക്കള്‍  സുന്ദര കാണ്ഡ പാരായണം തുടങ്ങി. വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് അയോധ്യയില്‍ തുടക്കമായി.

അയോധ്യയോട്  അയിത്തമില്ലെന്നാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയിൽ നാഗാലാന്റിൽ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സര്‍വ മതങ്ങളിലെയും ആചാരങ്ങളെ എപ്പോഴും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രതിഷ്ഠാ ദിനത്തെ പ്രധാനമന്ത്രിയും ആര്‍എസ്എസും രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നതുകൊണ്ടാണ് അയോധ്യയിലേക്ക് പോകാത്തത്. ഹിന്ദു മതത്തിലെ ഉന്നത സന്യാസി വര്യന്മാര്‍ പോലും ചടങ്ങ് രാഷ്ട്രീവത്ക്കരിക്കുന്നതിനെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Latest Videos

കോണ്‍ഗ്രസിന്‍റെ അയോധ്യ സന്ദര്‍ശനം ചര്‍ച്ചയായതോടെ സുന്ദരകാണ്ഡ പാരായണവുമായി ആംആദ്മി പാര്‍ട്ടിയും രംഗത്ത് വന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുതലുള്ള നേതാക്കള്‍ പ്രതിഷ്ഠ ചടങ്ങ് കഴിയും വരെ ദിവസവും സുന്ദരകാണ്ഡം പാരായണം ചെയ്യും. ഹനുമാന്‍ ചാലീസയും ചൊല്ലും. തെക്കേ ഇന്ത്യയില ക്ഷേത്ര സന്ദര്‍ശനത്തിനിടെ  രാമ മന്ത്രങ്ങള്‍ ഉരുവിടുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ ബിജെപി പുറത്ത് വിട്ടു. പ്രതിഷ്ഠാ ദിന ചടങ്ങുകളില്‍ രണ്ടാം യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ചടങ്ങിലുടനീളം ശ്രീകോവിലില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകും. കാശിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത്  ദീക്ഷിതിന്‍റെ മേല്‍നോട്ടത്തില്‍ പ്രായശ്ചിത്ത പൂജകളോടെ  പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക്  അയോധ്യയില്‍ തുടക്കമായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!