വിവാഹം നടത്താൻ കർഷകന് വായ്പ എടുക്കണം, അംബാനി ചെലവാക്കിയത് ജനങ്ങളുടെ പണം; ആഞ്ഞടിച്ച് രാഹുൽ, മോദിയ്ക്കും വിമർശനം

By Web Team  |  First Published Oct 1, 2024, 7:11 PM IST

ഇന്ത്യയിലെ 25 പേർക്ക് വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാൻ കഴിയുന്ന ഒരു സംവിധാനം നരേന്ദ്ര മോദി വികസിപ്പിച്ചെടുത്തെന്ന് രാഹുൽ ആരോപിച്ചു. 


ദില്ലി: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിനെതിരെ കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിമർശനം. 

മകന്റെ വിവാഹത്തിന് വേണ്ടി മുകേഷ് അംബാനി ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ ജനങ്ങളുടെ പണമാണെന്ന് രാഹുൽ പറഞ്ഞു. കുട്ടികളുടെ വിവാഹം നടത്താൻ സാധാരണക്കാരുടെ ബാങ്ക് അക്കൌണ്ടുകളിൽ പണമില്ല. ബാങ്കിൽ നിന്ന് വായ്പ എടുക്കാതെ വിവാഹം നടത്താൻ സാധിക്കില്ലെന്നതാണ് സാധാരണക്കാരുടെ അവസ്ഥ. കർഷകർക്ക് ഒരു വിവാഹം നടത്തണമെങ്കിൽ കടത്തിൽ മുങ്ങണം. ഇന്ത്യയിലെ 25 പേർക്ക് വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാൻ കഴിയുന്ന ഒരു സംവിധാനം നരേന്ദ്ര മോദി വികസിപ്പിച്ചെടുത്തെന്നും സാധാരണക്കാർ അവരുടെ പോക്കറ്റിൽ നിന്ന് എടുക്കുന്ന പണം ഈ 25 പേരുടെ പോക്കറ്റുകളിലേയ്ക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Latest Videos

undefined

അതേസമയം, മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഇക്കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ആഡംബര വിവാഹം നടന്നത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. 

READ MORE: യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല; ലെബനനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ

click me!