ബംഗ്ലാദേശ് സംഘ‍ർഷം: രാജ്യസുരക്ഷ മുൻനി‍ർത്തി രാഹുൽ ഗാന്ധിയുടെ ചോദ്യം; മറുപടി നൽകി വിദേശകാര്യ മന്ത്രി

By Web Team  |  First Published Aug 6, 2024, 11:33 AM IST

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു. 13000-ത്തോളം ഇന്ത്യാക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കേന്ദ്രസർക്കാർ പറ‌ഞ്ഞത്


ദില്ലി: ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘ‍ർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘ‍ർഷത്തിൻ്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട് ചോദിച്ചത്. ബംഗ്ളാദേശ് സേനയുമായി ഇന്ത്യ നിരന്തര സമ്പർക്കത്തിലാണെന്നും കലാപത്തിൽ വിദേശ ഇടപെടലുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ് ജയശങ്കർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു. 13000-ത്തോളം ഇന്ത്യാക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കേന്ദ്രസർക്കാർ പറ‌ഞ്ഞത്. സംഘ‍ർഷം ഏത് തരത്തിലാണ് ഇന്ത്യയെ ബാധിക്കുകയെന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന വാർത്തകളോട് പ്രതികരിച്ച കേന്ദ്രസർക്കാർ അവർ ഇന്ത്യയിൽ തുടരുന്നതായി അറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!