അധികാര ദുർവിനിയോഗത്തിന് നടപടി നേരിട്ട പൂജാ ഖേഡ്കറിന് വൈകല്യം ഉള്ളതായി മെഡിക്കൽ റിപ്പോർട്ട്

By Web Team  |  First Published Jul 16, 2024, 2:43 PM IST

കാഴ്ചാ വൈകല്യം 40 ശതമാനവും മാനസികാരോഗ്യത്തിൽ 20 ശതമാനം വൈകല്യമുണ്ടെന്നുമാണ് ഇവരുടെ വൈകല്യ സർട്ടിഫിക്കറ്റ് വിശദമാക്കുന്നത്


അഹമ്മദ്നഗർ: അധികാര ദുർവിനിയോഗം ആരോപിച്ച്  നടപടി നേരിട്ട സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കറിന് വിഷാദ രോഗവും  ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി റിപ്പോർട്ട് സമർപ്പിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രി. ദീർഘദൂര കാഴ്ചയെ ബാധിക്കുന്ന മയോപിക് ഡീജെനറേഷൻ എന്ന തകരാറാണ് പൂജാ ഖേഡ്കറിന്റെ ഇരു കണ്ണുകൾക്കുമുള്ളതെന്നാണ് ചൊവ്വാഴ്ച നൽകിയ റിപ്പോർട്ടിൽ അഹമ്മദ്നഗർ ജില്ലാ ആശുപത്രി സർജൻ ഡോ സഞ്ജയ് ഗോഖരെ വിശദമാക്കിയിട്ടുള്ളത്. 51 ശതമാനം വൈകല്യമാണ് ഉദ്യോഗസ്ഥയ്ക്കുള്ളത്. ജില്ലാ കളക്ടർ എസ് സലിമാത്തിനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 

2018ൽ ഇവരെ പരിശോധിച്ച നേത്രരോഗ വിദഗ്ധനായ ഡോ എസ് വി രാസ്കാർ നൽകിയ റിപ്പോർട്ട് അനുസരിച്ച് 40 ശതമാനം വൈകല്യമാണ് ഇവർക്കുള്ളത്.  പിന്നീട് 2021ൽ ഇവരെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധൻ ഡോ യോഗേഷ് ഗഡേക്കറും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മിനൽ കട്കോൽ പൂജാ ഖേഡ്കറിന് വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.  കാഴ്ചാ വൈകല്യം 40 ശതമാനവും മാനസികാരോഗ്യത്തിൽ 20 ശതമാനം വൈകല്യമുണ്ടെന്നുമാണ് ഇവരുടെ വൈകല്യ സർട്ടിഫിക്കറ്റ് വിശദമാക്കുന്നത്. ഇത് അനുസരിച്ചാണ് ഇവർ വൈകല്യ സർട്ടിഫിക്കറ്റ് നൽകിയത്. ഇത് കൃത്യമാണെന്നാണ് നിലവിലെ നിരീക്ഷണം. 

Latest Videos

undefined

സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആരോപണം ഉയർന്നിരുന്നു. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്.  യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ  2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇവർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പുറമേയാണ് തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും  ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!