മേഖലയിലെ അന്തരീക്ഷം അതിസങ്കീർണമെന്ന് വിലയിരുത്തൽ; സാഹചര്യം നേരിട്ട് വിലയിരുത്തി മോദി, ഉന്നതതലയോഗം ചേർന്നു

By Web Team  |  First Published Aug 5, 2024, 9:48 PM IST

ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു.


ദില്ലി: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ബംഗ്ലാദേശിലെ അരാജകത്വം. ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു. അതേസമയം, രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹിൻഡൻ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. തുടർ യാത്ര സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം. 
 
ശ്രീലങ്കയിലേതിന് സമാനമായ കാഴ്ചകളാണ് ബംഗ്ലാദേശിലും ആവർത്തിക്കുന്നത്. ഇന്ത്യയുൾപ്പെടുന്ന തെക്ക് കിഴക്കനേഷ്യയിലെ സാഹചര്യം ഏറെ സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശുമായി പ്രത്യേകിച്ച് ഷെയ്ഖ് ഹസീനയുമായുള്ള നല്ല ബന്ധം നരേന്ദ്ര മോദി സർക്കാരിനെ ഈ മേഖലയിലെ വിദേശകാര്യ നീക്കങ്ങളിൽ ഏറെ സഹായിച്ചിരുന്നു. ഹസീനയെ ദില്ലിയിൽ ഇറങ്ങാൻ അനുവദിച്ചത് ഈ ബന്ധത്തിന് തെളിവാണ്. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ആകാശത്തും വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സുരക്ഷ നല്‍കി. അജിത് ഡോവൽ ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ എത്തി സ്വീകരിച്ചതും ഹസീനയെ ഇന്ത്യ കൈവിടില്ല എന്ന സന്ദേശമായി. 

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോൾ പോലും അന്താരാഷ്ട്ര വേദികളിൽ ബംഗ്ലാദേശിൻ്റെ പിന്തുണ ഇന്ത്യയ്ക്കുണ്ടായിരുന്നു. പ്രതിഷേധം തുടങ്ങിയിട്ട് കുറച്ച് നാളായെങ്കിലും പ്രധാനമന്ത്രിയുടെ വസതി പോലും പ്രക്ഷോഭകാരികൾ കൈയ്യേറുന്ന കാഴ്ച ഇന്ത്യയും പ്രതീക്ഷിച്ചിരുന്നില്ല.  ഇന്ത്യ ആദ്യ വെല്ലുവിളി നേരിടുന്നത് നാലായിരത്തിലധികം കിലോ മീറ്റർ നീളുന്ന അതിർത്തിയിലാണ്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അതിർത്തി വഴിയുള്ള തള്ളിക്കയറ്റത്തിന് സാധ്യതയേറെയാണ്. ബിഎസ്എഫ് മേധാവി ഇന്ന് ബംഗ്ലാദേശ് അതിർത്തിയിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ബംഗ്ലാദേശിൽ നടന്ന കലാപത്തിന് പാകിസ്ഥാൻ്റെ പരസ്യ പിന്തുണയുണ്ടായിരുന്നു. സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള പുതിയ സർക്കാർ അതിനാൽ പാകിസ്ഥാനോട് കാട്ടുന്ന സമീപനം എന്ത് എന്നതും ഇന്ത്യയ്ക്ക് പ്രധാനമാണ്. 

Latest Videos

undefined

അതേസമയം, ബംഗ്ലാദേശിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ അക്രമം നടന്നു എന്ന റിപ്പോർട്ടുകളുണ്ട്. ചൈനയുടെ തുടർനീക്കങ്ങളും ഇന്ത്യ നിരീക്ഷിക്കുകയാണ്. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും സുരക്ഷ കൂട്ടി പ്രധാനമന്ത്രിയുടെ വീട്ടിൽ രാത്രി ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വിഷയം ചർച്ച ചെയ്തു. ബംഗ്ലാദേശിപ്പോഴുള്ള ആറായിരത്തിലധികം ഇന്ത്യക്കാരെയെല്ലാം ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിലും അടിയന്തര തീരുമാനം ഉണ്ടായേക്കും.

(പ്രതീകാത്മക ചിത്രം)

click me!