നടക്കാനിറങ്ങിയ സർക്കിളിനെ ആക്രമിച്ച് മൂർഖൻ പാമ്പ്, അവശനിലയിൽ പൊലീസ് ഉദ്യോഗസ്ഥൻ

By Web Team  |  First Published Oct 1, 2024, 8:34 AM IST

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.


ആർമൂർ: രാവിലെ നടക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. തെലങ്കാനയിലെ നിസാമബാദിലെ ആർമൂറിലാണ് സംഭവം. ആർമൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്. ഞായറാഴ്ച വെളുപ്പിനെയാണ് സംഭവം. പുലർച്ചെ നടക്കാൻ പോകുന്ന വഴിയിൽ വച്ച് സർക്കിൾ ഇൻസ്പെക്ടർ മൂർഖൻ പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയതിന് പിന്നാലെയാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം. 

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച സർക്കിൾ ഇൻസ്പെക്ടറിന് ചികിത്സ നൽകിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. സമീപ സംസ്ഥാനമായ കർണാടകയിൽ ഒരു ജില്ലയിലെ പാമ്പ് കടിയേറ്റ സംഭവങ്ങളുടെ എണ്ണം വളരെ അധികം ആശങ്കയ്ക്ക് വകയുള്ളതെന്നാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട്. 

Latest Videos

undefined

യാഡ്ഗിർ ജില്ലിയിലാണ് ഈ വർഷം ജനുവരി 1 നും സെപ്തംബർ 7നും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 62 പേരിൽ ഒരാൾ മാത്രമാണ് മരിച്ചത്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം കർഷകർക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നാണ് റിപ്പോർട്ട്. 

നാഡീ വ്യൂഹത്തേയാണ് മൂർഖന്റെ വിഷം ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിന് അടക്കമുള്ള ബുദ്ധിമുട്ടാണ് മൂർഖന്റെ കടിയേറ്റതിന് പിന്നാലെ സംഭവിക്കുന്നത്. ഏഷ്യയുടെ തെക്കൻ മേഖലയിൽ വർഷം തോറും ആയിരക്കണക്കിന് ആളുകളാണ് മൂർഖന്റെ കടിയേറ്റ് കൊല്ലപ്പെടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!