അലോപ്പതി മരുന്നുകൾക്കും കൊവിഡ് വാക്സിനുകൾക്കുമെതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി നൽകിയത്.
ദില്ലി: ലൈസൻസുകൾ റദ്ദാക്കിയതിനെ തുടർന്ന് തങ്ങളുടെ 14 ഉൽപ്പന്നങ്ങൾ നിർത്തിയെന്ന് പതഞ്ജലി ആയുർവേദ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിയാണ് ഏപ്രിലിൽ ലൈസൻസുകൾ റദ്ദാക്കിയത്. വിൽക്കാൻ അനുമതിയില്ലാത്ത ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ തങ്ങളുടെ 5606 അംഗീകൃത സ്റ്റോറുകൾക്ക് നിർദേശം നൽകിയെന്നും ഈ ഉൽപ്പന്നങ്ങളുടെ പരസ്യം പിൻവലിച്ചെന്നും പതഞ്ജലി അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി പതഞ്ജലിയോട് ആവശ്യപ്പെട്ടു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.
അലോപ്പതി മരുന്നുകൾക്കും കൊവിഡ് വാക്സിനുകൾക്കുമെതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി നൽകിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് മാപ്പുപറയാനും ഇവ പിൻവലിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നുയ. അതിനിടെ സുപ്രീംകോടതിക്കെതിരേ പ്രസ്താവന നടത്തിയതിന് മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പ്രസിഡന്റ് ആർ.വി. അശോകൻ അറിയിച്ചു. ഐ.എം.എ.യുടെ മാസികയിലും വെബ്‌സൈറ്റിലും വാർത്താ ഏജൻസിയിലും മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റി.