തമിഴ്നാട്ടില്‍ തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 4807 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൃഷ്ണഗിരി മണ്ഡലത്തിലെ എംഎൽഎ ടി സെങ്കോട്ടവനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിത മേഖലകളിലെ സഹായ വിതരണത്തിൽ പങ്കെടുത്തിരുന്നു. എംഎൽഎയുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 4807 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 1,65,714 ആയി. മരണനിരക്കിലും വർധനയുണ്ട്. 24 മണിക്കൂറിനിടെ 88 പേർ കൂടി തമിഴ്നാട്ടിൽ വൈറസ് ബാധിച്ച് മരിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലും ഒരു എംഎൽഎയും ഉണ്ടായിരുന്നു. കടലൂർ എംഎൽഎ കെ ഗണേശനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 38,902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്. 543 പേർ കൂടി മരിച്ചതോടെ ആകെ മരണം 26,816 ആയി. 3,73,379 രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 62.86 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്കിൽ നേരിയ കുറവുണ്ട്. 2.48 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ ആകെ രോഗബാധിതർ മൂന്ന് ലക്ഷം കടന്നു.