ഭാരതീയ ന്യായ സംഹിത: ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വന്ന പ്രധാനപ്പെട്ട 10 മാറ്റങ്ങൾ

By Web Team  |  First Published Jul 1, 2024, 8:19 PM IST

നേരത്തെയുണ്ടായിരുന്ന വകുപ്പുകളില്‍ ചിലതില്‍ മാറ്റം വരുത്തിയും ചിലത് കൂട്ടിച്ചേര്‍ത്തുമാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് രാജ്യദ്രോഹക്കുറ്റം എന്ന വാക്ക് പുതിയ ക്രിമിനല്‍ നിയമത്തിലില്ല എന്നതാണ്. 


രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവ ഇനിയില്ല. പകരം, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇനിയുണ്ടാവുക. നേരത്തെയുണ്ടായിരുന്ന വകുപ്പുകളില്‍ ചിലതില്‍ മാറ്റം വരുത്തിയും ചിലത് കൂട്ടിച്ചേര്‍ത്തുമാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് രാജ്യദ്രോഹക്കുറ്റം എന്ന വാക്ക് പുതിയ ക്രിമിനല്‍ നിയമത്തിലില്ല എന്നതാണ്. 

പ്രധാനപ്പെട്ട 10 മാറ്റങ്ങൾ

Latest Videos

undefined

1. തീവ്രവാദ കുറ്റത്തിന് പുതിയ നിര്‍വചനം നല്‍കി. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവ ഹനിക്കുന്നവയെ ഭീകരപ്രവര്‍ത്തനമായി ഇനി പരിഗണിക്കും. പൊതു പ്രവര്‍ത്തകരെ വധിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ഈ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളനോട്ട് നിര്‍മ്മാണവും അതിന്റെ ക്രയവിക്രയങ്ങളും ഇതില്‍പെടും. ഇത്തരം ഭീകര പ്രവര്‍ത്തനത്തിന് വധശിക്ഷ, പരോള്‍ ഇല്ലാത്ത തടവ്, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയവയാണ് ശിക്ഷ.

2. ഭാരതീയ ന്യായ് സംഹിതയിലെ മറ്റൊരു പ്രധാന ഘടകം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷകളും പുതിയ വകുപ്പുകളുമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ കൂട്ടബലാത്സഗത്തിന് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കും. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികാതിക്രമങ്ങളും ശിക്ഷയുടെ പരിധിയില്‍ വരും. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചുള്ള കുറ്റ കൃത്യത്തിനും ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3. ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കൊലപാതക കേസില്‍ പ്രതിയായാല്‍ വധശിക്ഷയോ ജീവിതാവസാനം വരെ കഠിന തടവോ ലഭിക്കും. ആള്‍ക്കൂട്ട കൊലപാതകങ്ങളെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് പ്രധാന മാറ്റങ്ങളില്‍ മറ്റൊന്ന്. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമായിട്ടാണ് ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. 

4. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നത് മുതല്‍ അപകീര്‍ത്തിപ്പെടുത്തല്‍ വരെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിഫലമില്ലാത്ത സാമൂഹിക സേവനമാണ് ശിക്ഷ. കോടതി ഉത്തരവിടുന്ന ഏത് ജോലിയും സാമൂഹിക സേവനമായി പരിഗണിക്കപ്പെടും. 

5. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യണം.

6. ’ലിംഗം’ എന്നതിന്റെ നിര്‍വചനത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചില കുറ്റകൃത്യങ്ങളില്‍ ഇരയുടെ മൊഴികള്‍ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം.

7. പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ ഇലക്ട്രോണിക്‌സ് ആശയവിനിമയത്തിലൂടെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. അധികാര പരിധി പരിഗണിക്കാതെ തന്നെ ഏത് പോലീസ് സ്‌റ്റേഷനിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പുതിയ നിയമം വ്യക്തികളെ അനുവദിക്കുന്നു.

8. ക്രിമിനല്‍ കേസുകളില്‍ വിചാരണ അവസാനിച്ച് 45 ദിവസത്തിനുള്ളില്‍ വിധികള്‍ പുറപ്പെടുവിക്കണം. ആദ്യവാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം.

9. എഫ്‌ഐആര്‍, പൊലീസ് റിപ്പോര്‍ട്ട്, കുറ്റപത്രം, മൊഴികള്‍, കുറ്റസമ്മതം, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ 14 ദിവസത്തിനകം ലഭിക്കാന്‍ പ്രതിക്കും ഇരയ്ക്കും അര്‍ഹതയുണ്ട്. കേസ് വാദം കേള്‍ക്കലില്‍ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ക്ക് പരമാവധി രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാനും അനുവാദമുണ്ട്.

10. അറസ്റ്റിലാകുന്ന വ്യക്തിക്ക് അവരുടെ സാഹചര്യത്തെക്കുറിച്ച് ഒരു വ്യക്തിയെ അല്ലെങ്കിൽ അഭിഭാഷകനെ അറിയിക്കാന്‍ അവകാശമുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പെട്ടെന്ന് തന്നെ അയാളുമായി ബന്ധപ്പെടുന്നതിന് പൊലീസ് സ്‌റ്റേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും അറസ്റ്റിന്റെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.


 

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!