നീറ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു
ദില്ലി: നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
നീറ്റ് യുജി പരീക്ഷ റദ്ദാക്കണം എന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇതിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പോയത്. ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് കേന്ദ്രം കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. ചില വ്യക്തികൾ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷയെ വ്യാപകമായി ബാധിച്ചിട്ടില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സത്യസന്ധതയോടെ പരീക്ഷ എഴുതി. ഇവരെ ബാധിക്കുന്ന തീരുമാനം ഉണ്ടാകരുതെന്നും വിശ്വാസ്യത ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
undefined
തിങ്കളാഴ്ച സുപ്രീംകോടതി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. മാറ്റി വച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് പതിനൊന്നിന് നടക്കും. രണ്ട് സെഷനിലായി ഒറ്റ ദിവസത്തിൽ പരീക്ഷ പൂർത്തിയാകും. പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇതിനിടെ കേന്ദ്രം സംസ്ഥാനങ്ങളുടെ സഹായം തേടി. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും രണ്ടു പേരെ നിരീക്ഷകരായി വയ്ക്കണമെന്നും ഇതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.