കർണാടകയിലെ കന്നഡ സംവരണം: ഐടി കമ്പനികളടക്കം ബെംഗളൂരു വിടാൻ കാരണമായേക്കുമെന്ന് നാസ്കോം, പ്രതിഷേധം ശക്തം 

By Web Team  |  First Published Jul 17, 2024, 3:14 PM IST

ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു.


ബെംഗളൂരു: കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു. ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു.  സോഫ്റ്റ്‌വെയർ, സർവീസ് കമ്പനികളുടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാസ്‌കോം. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്.  

അതേ സമയം, ഫാസിസ്റ്റ് നടപടിയാണ് കോൺഗ്രസ് സർക്കാരിന്‍റേതെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയ‍ർമാൻ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ഒരു സർക്കാർ ഓഫീസർ ഇരുന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനം നടത്താൻ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്ക് പേടിപ്പിച്ചോടിക്കുന്ന ബില്ലെന്ന് ബയോകോൺ ലിമിറ്റഡ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷായും അഭിപ്രായപ്പെട്ടു. 

Latest Videos

undefined

മലയാളികൾക്കും വൻ തിരിച്ചടി, കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡ സംവരണം വരുന്നു; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. 

കടുത്ത എതിർപ്പ്, കർണാടക സംവരണ ബില്ലിനെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഐടി കമ്പനികൾ, മൾട്ടി നാഷണൽ കമ്പനികൾ, ബയോടെക്നോളജി സ്ഥാപനങ്ങൾ, റിസോർട്ടുകൾ, ആശുപത്രികൾ, വിനോദകമ്പനികൾ (മൾട്ടിപ്ലക്സുകൾ ഉൾപ്പടെ), ഹോട്ടലുകൾ, ഇ കൊമേഴ്സ് സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്ക് എല്ലാം ചട്ടം ബാധകമാകും. തൊഴിൽ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ സ്ഥാപനങ്ങൾ സർക്കാരിന് സമർപ്പിക്കണം. 100 പേരിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ റിക്രൂട്ട്മെന്‍റ് ബോർഡിൽ ഒരു സർക്കാർ പ്രതിനിധി വേണം. ഏത് സംരംഭവും ഹൈവേകളിൽ അടക്കം വയ്ക്കുന്ന പരസ്യബോർഡുകളിലെ പ്രധാന ഭാഷ കന്നഡയായിരിക്കണം. ഏത് കമ്പനികളുടെയും തൊഴിൽ രേഖകൾ ഏത് സമയവും പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. 

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളുവെന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. കർണാടകയിൽ റജിസ്റ്റർ ചെയ്ത കച്ചവടസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമാണ് ചട്ടം ബാധകമാകുക. 

 

click me!