ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ നിയമ നിർമ്മാണം സർക്കാർ നടത്തണമെന്ന് ഇടി മുഹമ്മദ് ബഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു
ദില്ലി: ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ടു. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ നിയമ നിർമ്മാണം സർക്കാർ നടത്തണമെന്ന് ഇടി മുഹമ്മദ് ബഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉറുദു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. ജാർഖണ്ഡിൽ തുടർച്ചയായി നടന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്.
ഉറുദു വിദ്യാഭ്യാസത്തെ തകർക്കാൻ ബോധപൂർവമായ നടപടികൾ ബി.ജെ.പി സർക്കാർ ചെയ്യുകയാണെന്ന് സംഘം ഹേമന്ത് സോറനോട് പറഞ്ഞു. ഇതിനായി ഉറുദു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം ഉള്‍പ്പെടെ പിൻവലിക്കുകയാണ്. ഈ നടപടികൾ ചെറുക്കാൻ ജാർഖണ്ഡ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ലീഗ് സംഘം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച്ചക്കിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹേമന്ത് സോറനുമായി ഫോണിൽ സംസാരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ജെഎംഎമ്മുമായി സഹകരിച്ച് മുസ്ലിം ലീഗ് പ്രവർത്തിക്കും. ലീഗ് എംപി ഹാരീസ് ബീരാൻ, പി.കെ ബഷീർ എംഎൽഎ ഉൾപ്പെടെയുള്ളവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.