'55000 രൂപ വിലയുടെ ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ചായക്കപ്പ്'; ആമസോണിനെതിരെ പരാതി

By Web Team  |  First Published Aug 2, 2024, 7:56 AM IST

ഡെലിവറി ചെയ്യുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ആമസോൺ പാക്കേജിൽ പാമ്പിനെ കണ്ടെത്തിയിരുന്നു.


മുംബൈ: 55000 രൂപയുടെ മൊബൈൽ ഫോൺ ആമസോണിൽ ഓർഡർ ചെയ്ത 42കാരന് ലഭിച്ചത് രണ്ട് ചായക്കപ്പുകൾ. മുംബൈയിലെ മാഹിം നിവാസിയായ അമർ ചവാൻ എന്നയാൾക്കാണ് പണം നഷ്മായത്. ഇയാൾ ആമസോണിനെതിരെ വഞ്ചന ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഇദ്ദേഹം ആമസോണിൽ നിന്ന് ഒരു ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോണാണ് ഓർഡർ ചെയ്തത്. ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗിൽ (ബെസ്റ്റ്) ഡെപ്യൂട്ടി എഞ്ചിനീയറാണ് അമർ ചവാൻ. ജൂലൈ 15 ന് ഓർഡർ ഡെലിവറി ചെയ്തതായി അറിയിപ്പ് വന്നു. എന്നാൽ, ഫോണിന് പകരം പാഴ്സലിനുള്ളിൽ ഒരു സെറ്റ് ചായക്കപ്പുകളുണ്ടായിരുന്നത്. ഉടൻ ആമസോണിൽ വിളിച്ച് പരാതിപ്പെട്ടു.

അന്വേഷണം നടത്താമെന്നും വന്ന സാധനം തിരിച്ചെടുക്കാമെന്നും അവർ ഉറപ്പുനൽകി. പക്ഷേ ജൂലൈ 20 വരെ തിരിച്ചെടുത്തില്ല. അവരെ വിളിച്ചപ്പോൾ നിസ്സഹായത പ്രകടിപ്പിക്കുകയും അന്വേഷണ റിപ്പോർട്ട് നൽകാൻ വിസമ്മതിക്കുകയും ചെയ്തുവെന്നും അതിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ചവാൻ പറഞ്ഞു. കേസ് അന്വേഷിക്കാൻ ആമസോൺ താൽപര്യം കാണിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ഡെലിവറി ചെയ്യുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ആമസോൺ പാക്കേജിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. 

Latest Videos

tags
click me!