ജയിൽ സൂപ്രണ്ടിന്റെ മുറിയിവെച്ചാണ് അബ്ബാസും ഭാര്യ നിഖത്തും കണ്ടുമുട്ടിയിരുന്നത്. നിഖതിന്റെ കൈയിൽ രണ്ട് മൊബൈൽ ഫോണുകളും പണവും കണ്ടെത്തി.
ലഖ്‌നൗ: ജയിലിൽ കഴിയുന്ന സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി) എംഎൽഎ അബ്ബാസ് അൻസാരിയെ ഭാര്യ അനുമതിയില്ലാതെ നിരന്തരം സന്ദർശിച്ചതിനെ തുടർന്ന് നടപടി. ചിത്രകൂട് ജയിൽ സൂപ്രണ്ടിനെയും ഏഴ് കീഴുദ്യോഗസ്ഥരെയും ശനിയാഴ്ച സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ എംഎൽഎയുടെ ഭാര്യ നിഖത് ബാനോ, എംഎൽഎ, ഭാര്യയുടെ ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്തു. നിഖത് ബാനോവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിൽ സൂപ്രണ്ടിന്റെ മുറിയിവെച്ചാണ് അബ്ബാസും ഭാര്യ നിഖത്തും കണ്ടുമുട്ടിയിരുന്നത്. നിഖതിന്റെ കൈയിൽ രണ്ട് മൊബൈൽ ഫോണുകളും പണവും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ദമ്പതികൾ ജയിലിൽ കണ്ടുമുട്ടിയിരുന്നതായി അധികൃതർ പറയുന്നു. എന്നാൽ ഈ കൂടിക്കാഴ്ചകൾ ജയിൽ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ജയിൽ രേഖകളിൽ ഔദ്യോഗികമായി രേഖപ്പെടുത്താതെ ജയിലിനുള്ളിൽ ഭാര്യയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തുന്നതായി വ്യാഴാഴ്ച രാവിലെ ചിത്രകൂട് പോലീസ് മേധാവി വൃന്ദ ശുക്ലയ്ക്ക് സൂചന ലഭിച്ചതിനെ തുടർന്നാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതെന്ന് അഡീഷണൽ ഡിജിപി ഭാനു ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു.
അബ്ബാസ് സാക്ഷികളെ ഭീഷണിപ്പെടുത്താൻ ഭാര്യയുടെ ഫോൺ ഉപയോഗിക്കുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടർന്ന് ശുക്ല ഡിഎം അഭിഷേക് ആനന്ദുമായി ചേർന്ന് ജയിലിൽ അപ്രതീക്ഷിത പരിശോധന നടത്തി. ജയിൽ സൂപ്രണ്ട് അശോക് സാഗറിന്റെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് അബ്ബാസിനെയും ഭാര്യയെയും കണ്ടെത്തിയത്. ജയിൽ രേഖകളിൽ കൂടിക്കാഴ്ചയുടെ പരാമർശമൊന്നും കണ്ടെത്തിയില്ല. നിഖത്തിന്റെ ബാഗിൽ നിന്ന് രണ്ട് ഫോണുകളും 21,000 രൂപയും 12 സൗദി റിയാലും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിനായി ജയിലിന്റെ സിസിടിവി ഡിവിആർ പൊലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അബ്ബാസ് അൻസാരിയെ ഇഡി അറസ്റ്റ് ചെയ്തത്.
സ്വർണപ്പല്ല് ചതിച്ചു, 15 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ