സ്റ്റാലിൻ്റെ പുതിയ മുന്നറിയിപ്പ്, ജനങ്ങൾക്കല്ല! ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം നഷ്ടമായാൽ മന്ത്രിസ്ഥാനം തെറിക്കും

By Web TeamFirst Published Jan 25, 2024, 11:13 PM IST
Highlights

മണ്ഡലത്തിന്റെ പൂർണ ഉത്തരവാദിത്തം മന്ത്രിമാർക്കാണെന്നും മത്സരിക്കുന്നത് മുഖ്യമന്ത്രി ആണെന്ന ചിന്തയിൽ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ നിർദ്ദേശിച്ചിട്ടുണ്ട്

ചെന്നൈ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ഡി എം കെ മന്ത്രിമാർക്ക് സ്റ്റാലിന്‍റെ നിർദ്ദേശം. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനൊപ്പം അതാത് മണ്ഡലങ്ങളിൽ ജയിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം മന്ത്രിമാർ കാട്ടണമെന്ന മുന്നറിയിപ്പും മന്ത്രിമാർക്ക് മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയിട്ടുണ്ട്. മണ്ഡലം നഷ്ടമായാൽ മന്ത്രിസ്ഥാനം തെറിക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ഡലത്തിന്റെ പൂർണ ഉത്തരവാദിത്തം മന്ത്രിമാർക്കാണെന്നും മത്സരിക്കുന്നത് മുഖ്യമന്ത്രി ആണെന്ന ചിന്തയിൽ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരാമർശം ഉണ്ടായത്.

മമതയും അഖിലേഷും ചൊടിപ്പിച്ചു, തേജസ്വിക്കായുള്ള നീക്കവും; നിതീഷ് മറുകണ്ടം ചാടിയാൽ 'ഇന്ത്യ' ത്രിശങ്കുവിലാകും

Latest Videos

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ബിഹാർ മുഖ്യമന്ത്രിയുടെ ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ എന്‍ ഡി എയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ഇന്ത്യ സഖ്യം വലിയ വെല്ലുവിളി നേരിടുന്നു എന്നതാണ്. സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടാത്തതാണ് നിതിഷിന്‍റെ ചുവട് മാറ്റത്തിന് കാരണമെന്നാണ് സൂചന. മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ സഖ്യത്തിന്‍റെ പിറവിക്ക് മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ പാളയം വിട്ടാൽ അത് പ്രതിപക്ഷത്തിന് വലിയ ക്ഷീണമാകും. സഖ്യത്തിന്‍റെ മുഖമാകുന്നതിലടക്കം നേരിട്ട തിരിച്ചടി നിതീഷിനെ എന്‍ ഡി എയിലേക്ക് അടിപ്പിക്കുകയാണെന്നാണ് വിവരം. കണ്‍വീനറാകുന്നതില്‍ മമത ബാനര്‍ജിയും, അഖിലേഷ് യാദവും ഉയര്‍ത്തിയ പ്രതിരോധം നിതീഷ് കുമാറിന് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസുമായും, ആര്‍ ജെ ഡിയുമായുമുള്ള ബന്ധവും ഇതിനിടെ മോശമായി. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ലാലു പ്രസാദ് യാദവിന്‍റെ  നിര്‍ദ്ദേശം തള്ളിയ നീതീഷ്, ബിഹാറില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. പിന്നാലെ കുടുംബാധിപത്യത്തിനെതിരെ  രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. എന്‍ ഡി എയോടടുക്കുന്ന നിതീഷ് നിയമസഭ പിരിച്ചുവിട്ട് ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. ഒരാഴ്ചക്കുള്ളില്‍ ചിത്രം തെളിയുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!