എന്‍ആര്‍സി, സിഎഎ ഭീതി: പോളിയോ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ മര്‍ദനം

By Web Team  |  First Published Jan 27, 2020, 11:37 AM IST

ലക്നൗവ്വില്‍ നിന്ന് എത്തിയ ഗവേഷക സംഘത്തിന് ബിഹാറിലെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്‍ പോളിയോ വാക്സിനുമായി എത്തിയവര്‍ക്ക് ഉത്തര്‍പ്രദേശില്‍ മര്‍ദനം നേരിടേണ്ടി വന്നത്. ഹൈദരബാദിന്‍റെ വിവിധ ഭാഗങ്ങളിലും പോളിയോ തുള്ളിമരുന്നുമായി എത്തിയവര്‍ക്ക് മര്‍ദനമേറ്റു


ദില്ലി: എന്‍ആര്‍സി സര്‍വേ നടത്താന്‍ എത്തിയവരാണെന്ന് കരുതി ഗവേഷകര്‍ക്കും, പോളി മരുന്നുമായി എത്തിയവര്‍ക്കും ഗ്രാമീണരുടെ മര്‍ദനം. ലക്നൗവ്വില്‍ നിന്ന് എത്തിയ ഗവേഷക സംഘത്തിന് ബിഹാറിലെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്‍ പോളിയോ വാക്സിനുമായി എത്തിയവര്‍ക്ക് ഉത്തര്‍പ്രദേശില്‍ മര്‍ദനം നേരിടേണ്ടി വന്നത്. ഹൈദരബാദിന്‍റെ വിവിധ ഭാഗങ്ങളിലും പോളിയോ തുള്ളിമരുന്നുമായി എത്തിയവര്‍ക്ക് മര്‍ദനമേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബിഹാറിലെത്തിയ ലക്നൗവ്വില്‍ നിന്നുള്ള ഗവേഷക സംഘത്തിന് ദര്‍ബാന്‍ഗ ഗ്രാമത്തില്‍ നിന്നാണ് മര്‍ദനമേറ്റത്. ഇവരെ ബന്ധിയാക്കി പിടിച്ച് വച്ചശേഷം ഗ്രാമീണര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ലക്നൗവ്വില്‍ നിന്നുള്ള 12 അംഗ സംഘത്തിനാണ് എന്‍ആര്‍സി സര്‍വേ ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിച്ച് മര്‍ദനമേറ്റത്. വനിതകള്‍ അടക്കമുള്ള ഗവേഷക സംഘത്തിന് എന്തിനാണ് വന്നതെന്ന് വിശദീകരിക്കാനുള്ള അവസരം പോലും നല്‍കാതെയായിരുന്നു മര്‍ദനം. പിഎച്ച്ഡി പഠനാവശ്യത്തിലേക്കുള്ളതായിരുന്നു സംഘത്തിന്‍റെ സര്‍വേ. വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് സംഘം എന്‍ആര്‍സി സര്‍വേയ്ക്ക് വന്നവരാണെന്ന് വാര്‍ത്ത പരക്കുകയായിരുന്നു.

Latest Videos

undefined

ബന്ധിയാക്കി പൊലീസിനെ ഏല്‍പ്പിച്ച സംഘം സര്‍വേയ്ക്ക് വന്നവരല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും വിവര സമാഹരണത്തിന് എത്തുന്നവര്‍ അനുമതി വാങ്ങിയെത്താന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ പൗരത്വ നിയമ ഭേദഗതിയ്ക്കും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധം രാജ്യവ്യാപകമായി നടക്കുമ്പോള്‍ ഗവേഷക, മാര്‍ക്കറ്റിംഗ് സര്‍വേ നടത്തുന്നവര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സംഭവം ബിഹാറില്‍ ആവര്‍ത്തിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പോളിയോ വാക്സിനെക്കുറിച്ച് ബോധവല്‍ക്കരണത്തിനെത്തിയ സംഘത്തിനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘത്തിനാണ് മീററ്റില്‍ മര്‍ദനം നേരിട്ടത്. പോളിയോ നല്‍കാന്‍ വിസമ്മതിച്ച രക്ഷിതാക്കളുടെ വിവരം ആരാഞ്ഞതോടെയാണ് പ്രശ്നമുണ്ടായത്. ആള്‍ക്കൂട്ടം സംഘത്തെ തടയുകയും യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് വിശദമാക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചുവെന്നും സംഘത്തിലുണ്ടായിരുന്നയാള്‍ പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പോളിയോ തുള്ളിമരുന്ന് ബോധവല്‍കരണത്തിന് എത്തിയ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സംഘത്തിനാണ് ഹൈദരബാദിലെ ഗോല്‍ക്കൊണ്ട്, മുഷീര്‍ബാഗ് പ്രദേശങ്ങളില്‍ ആളുകളുടെ മര്‍ദനമേറ്റത്. എന്‍ആര്‍സി നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സംഘമെന്ന് ആരോപിച്ചായിരുന്നു ഇവിടെ മര്‍ദനം. പോളിയോ ഞായറില്‍ ബൂത്തുകളിലെത്താതിരുന്ന രക്ഷിതാക്കളുടെ വിവരം തിരക്കിയതാണ് ഇവിടെയും തെറ്റിധാരണയ്ക്ക് കാരണമായത്. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. 

click me!