സൈറ്റിലേക്ക് എത്തുന്നവരെ വാട്സ് ആപ്പ് വഴി ബന്ധപ്പെടും. എന്നിട്ട് വ്യാജ ബയോഡാറ്റകൾ അയച്ചു കൊടുത്താണ് പണം തട്ടിയിരുന്നത്.
റായ്പൂർ: വ്യാജ മാട്രിമോണിയൽ വെബ്സൈറ്റുകളുണ്ടാക്കി അഞ്ഞൂറോളം പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹരീഷ് ഭരദ്വാജ് എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. ആറ് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് അവിവാഹിതരിൽ നിന്നും യുവാവ് പണം തട്ടിയത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് ഭോപ്പാൽ സൈബർ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ റോയൽ മാട്രിമോണി, സെർച്ച് റിഷ്‌റ്റെ, ഡ്രീം പാർട്‌ണർ ഇന്ത്യ, 7 ഫെയർ മാട്രിമോണി, സംഗം വിവാഹ്, മൈ ശാദി പ്ലാനർ തുടങ്ങിയ വെബ്സൈറ്റുകൾ വഴിയായിരുന്നു തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വെബ്സൈറ്റുകളെ അവിവാഹിതരിലേക്ക് എത്തിച്ചു. നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് പ്രൊഫൈലുകളുണ്ടാക്കി. സൈറ്റിലേക്ക് എത്തുന്നവരെ വാട്സ് ആപ്പ് വഴി ബന്ധപ്പെടും. എന്നിട്ട് വ്യാജ ബയോഡാറ്റകൾ അയച്ചു കൊടുത്താണ് പണം തട്ടിയിരുന്നത്. ഒടുവിൽ വിവാഹ ചടങ്ങുകൾക്ക് ആവശ്യമായ തുക വരെ ഈടാക്കും.
ഹരീഷ് ഭരദ്വാജ് എന്ന പ്രതി ബിലാസ്പൂരിൽ ഇരുന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. വ്യാജ മാട്രിമോണിയൽ സൈറ്റിൽ ജീവനക്കാരനെ നിയമിച്ച് അവർക്ക് മാസത്തിൽ 10000 രൂപ ശമ്പളം നൽകുകയും ചെയ്തു. അലിഗഡ്, വാരണാസി, ബിലാസ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ടെലി കോളർമാർ അവിവാഹിതരെ വിളിച്ച് പണം തട്ടിയിരുന്നത്. ഈ ജീവനക്കാർ തന്നെ ആവശ്യമുള്ളപ്പോൾ വധുക്കളോ കോർഡിനേറ്റർമാരോ ആയി അഭിനയിച്ചു. ഒന്നര ലക്ഷം രൂപ വരെ അവിവാഹിതരിൽ നിന്ന് ഇവർ തട്ടി.
ഭോപ്പാൽ സ്വദേശിയായ 47കാരൻ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഗം വിവാഹ മാട്രിമോണിക്ക് താൻ 1.5 ലക്ഷം രൂപ നൽകിയതായി പരാതിക്കാരൻ പറഞ്ഞു. തുടർന്നാണ് ഹരീഷ് ഭരദ്വാജ് പിടിയിലായത്. ഇത്തരം വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം