ടാറ്റ ഇലക്ട്രോണിക്സ് കമ്പനി ഗോഡൗണിൽ വൻതീപിടുത്തം; 7 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളമെടുത്ത് നിയന്ത്രണ വിധേയമാക്കി

By Web TeamFirst Published Sep 28, 2024, 4:49 PM IST
Highlights

കമ്പനിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ തന്നെ അറിയിച്ചിട്ടുണ്ട്. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗോഡൗണിൽ വൻതീപിടുത്തം. ഇലക്ട്രോണിക്സ് കമ്പോണന്റ് ഫാക്ടറിയിലാണ് ശനിയാഴ്ച രാവിലെ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ജീവപായമോ ആർക്കെങ്കിലും പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. 

രാവിലെ ആറ് മണിയോടെ സംഭവിച്ച തീപിടുത്തം മണിക്കൂറികളെടുത്താണ് നിയന്ത്രണ വിധേയമാക്കിയത്. ഹൊസൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ഏഴ് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് തങ്ങളെന്നും ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അറിയിച്ചു. തീപിടുത്തമുണ്ടായപ്പോൾ തന്നെ അടിയന്തര സുരക്ഷാ പ്രോട്ടൊക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. ജീവനക്കാരുടെയും മറ്റുള്ളവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നതെന്നും കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടാറ്റാ ഗ്രൂപ്പിന് കീഴിൽ സൂക്ഷ്മ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണ രംഗത്ത് പ്രവ‍ർത്തിക്കുന്ന കമ്പനിയാണ് ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!