ആവശ്യപ്പെട്ടത് 10 ലക്ഷം, നൽകിയത് 5, ആയുഷ്മാൻ ഭാരത് സ്കീം ഉന്നത അധികാരി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

By Web TeamFirst Published Sep 28, 2024, 4:08 PM IST
Highlights

ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് സ്വകാര്യ ആശുപത്രിയെ സസ്പെൻഡ് ചെയ്തത് പുനപരിശോധിക്കാനായി 10 ലക്ഷം രൂപയാണ് ഡോക്ടർ വിമൽ ആവശ്യപ്പെട്ടതെന്നായിരുന്നു പരാതി. വിലപേശലുകൾക്കൊടുവിൽ അഞ്ച് ലക്ഷം രൂപയ്ക്ക് ആശുപത്രിയുടെ സസ്പെൻഷൻ മാറ്റാമെന്ന് ധാരണയായി. ഈ തുക കൈപ്പറ്റുന്നതിനിടയിലാണ് അഴിമതി വിരുദ്ധ ബ്യൂറോ ഡോക്ടറെ കയ്യോടെ പൊക്കിയത്.

പഞ്ചകുല: രഹസ്യ വിവരത്തേ തുടർന്ന് പരിശോധിക്കാനെത്തിയ  അഴിമതി വിരുദ്ധ ബ്യൂറോ ഡോക്ടറുടെ പക്കൽ നിന്ന് പിടികൂടിയത് 1 കോടി രൂപ. വെള്ളിയാഴ്ചയാണ് ഹരിയാന അഴിമതി വിരുദ്ധ സ്ക്വാഡ് അംഗങ്ങളാണ് ആയുഷ്മാൻ ഭാരത് സ്കീം സിഇഒ ആയ ഡോക്ടർ രവി വിമലിനെ അറസ്റ്റ് ചെയ്തത്. കർണാലിൽ നിന്നുള്ള അഴിമതി വിരുദ്ധ ബ്യൂറോ അംഗങ്ങൾ പഞ്ചകുലയിലെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപ കണ്ടെത്തിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 

വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തേക്കുറിച്ച് ഡോക്ടർ തന്നെയാണ് സൂചന നൽകിയതെന്നാണ് റിപ്പോർട്ട്. ഇത്രയധികം പണം എവിടെ നിന്ന് എത്തിയെന്നതിനേക്കുറിച്ച് പൊലീസ് അന്വേഷണങ്ങൾ നടക്കുകയാണ്. സംഭവത്തിൽ ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല. 

Latest Videos

കർണാലിലെ സ്വകാര്യ ആശുപത്രി ഉടമയുടെ പരാതിയിലായിരുന്നു അഴിമതി വിരുദ്ധ ബ്യൂറോയുടെ പരിശോധന. ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് സ്വകാര്യ ആശുപത്രിയെ സസ്പെൻഡ് ചെയ്തത് പുനപരിശോധിക്കാനായി 10 ലക്ഷം രൂപയാണ് ഡോക്ടർ വിമൽ ആവശ്യപ്പെട്ടതെന്നായിരുന്നു പരാതി. വിലപേശലുകൾക്കൊടുവിൽ അഞ്ച് ലക്ഷം രൂപയ്ക്ക് ആശുപത്രിയുടെ സസ്പെൻഷൻ മാറ്റാമെന്ന് ധാരണയായി. ഈ തുക കൈപ്പറ്റുന്നതിനിടയിലാണ് അഴിമതി വിരുദ്ധ ബ്യൂറോ ഡോക്ടറെ കയ്യോടെ പൊക്കിയത്. അമരാവതിയിലെ പഞ്ചകുലയിലെ വസതിയിൽ വച്ചായിരുന്നു പണം കൈപ്പറ്റൽ. ഇതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുകയായിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!