മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് കുക്കി കുടുംബങ്ങള്‍
ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. നരൻസീനയിൽ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘർഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ ഇവിടെ പരിക്കേറ്റു.
മെയ്തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 10 കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. സംഘർഷത്തിന് പിന്നാലെ ഇവരുടെ വീടുകൾക്ക് നേരത്തെ കേന്ദ്രസേന കാവൽ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ അടക്കം ഒഴിപ്പിച്ചവരിൽ ഉൾപ്പെടും. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
undefined
അതിനിടെ സംഘർഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികൾ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. 'കറുത്ത സെപ്തംബർ' ആചരിക്കാനാണ് തീരുമാനം. വീടുകളിൽ കറുത്ത കൊടി കെട്ടാൻ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം.
മണിപ്പൂരില്‍ മെയ് 3ന് ആരംഭിച്ച സംഘര്‍ഷം നാല് മാസമായിട്ടും അവസാനിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ എയര്‍ ഡ്രോപ്പിങ് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.
സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റിയിട്ടുണ്ട്. ന്യായമായ വിചാരണ നടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതി ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.