ഫോണ്‍ നമ്പർ മാറ്റി, അക്കൗണ്ട് നിയന്ത്രണത്തിലാക്കി; വൃദ്ധയുടെ 2.3 കോടി തട്ടിയ ആക്സിസ് ബാങ്ക് ജീവനക്കാരൻ പിടിയിൽ

By Web Team  |  First Published Dec 2, 2024, 4:15 PM IST

വയോധികയുടെ സ്ഥിരനിക്ഷേപ (എഫ്‌ഡി) അക്കൗണ്ടിൽ നിന്ന് 2.3 കോടി രൂപയാണ് തട്ടിയത്


കട്ടക്: വയോധികയെ കബളിപ്പിച്ച്  2.3 കോടി രൂപ തട്ടിയ ആക്‌സിസ് ബാങ്ക് റിലേഷൻഷിപ്പ് മാനേജർ പിടിയിൽ. ക്രൈംബ്രാഞ്ച് സൈബർ ക്രൈം വിഭാഗമാണ് ഖിരോദ് നായക് എന്ന 39 കാരനെ അറസ്റ്റ് ചെയ്തത്. വയോധികയുടെ സ്ഥിരനിക്ഷേപ (എഫ്‌ഡി) അക്കൗണ്ടിൽ നിന്ന് 2.3 കോടി രൂപ പിൻവലിച്ചെന്നാണ് കേസ്.

വയോധികയുടെ ഭർത്താവിന്റെ മരണശേഷം ഖിരോദ് നായകാണ് ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിച്ചിരുന്നത്. ബാങ്കിംഗ് നടപടി ക്രമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാൽ, വയോധിക മാനജേരെ ആശ്രയിച്ചിരുന്നു. പ്രതി ഇടയ്ക്ക് വയോധികയുടെ വീട്ടിലും പോകാറുണ്ടായിരുന്നു. മൊബൈൽ ഫോണിൽ നിന്ന് അക്കൌണ്ട് സ്റ്റേറ്റ്മെന്‍റ് എടുത്തു കൊടുക്കുകയും ചെയ്യാറുണ്ട്.

Latest Videos

സേവിംഗ്സ് അക്കൗണ്ടിലെ പണം എഫ്ഡിയാക്കിയാൽ കൂടുതൽ പണം ലഭിക്കുമെന്ന് വയോധികയോട് മാനേജർ പറഞ്ഞു. പല പേപ്പറുകളിലായി ഒപ്പ് വാങ്ങുകയും ചെയ്തു. വയോധിക അറിയാതെ ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് തുറക്കുകയും ചെയ്തു. തന്‍റെ പേരിൽ ഒഡി ലോൺ എടുത്തിട്ടുണ്ടെന്ന് ബാങ്കിൽ നിന്ന് വിളിച്ചപ്പോഴാണ് വയോധിക അറിഞ്ഞത്. വയോധികയുടെ ബാങ്ക് അക്കൌണ്ടിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റിയതായി കണ്ടെത്തി.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റി അക്കൌണ്ടിന്‍റെ നിയന്ത്രണം മാനേജർ ഏറ്റെടുത്തതായി തെളിഞ്ഞു. മറ്റ്  അക്കൌണ്ടുകളിലേക്ക് പണം മാറ്റിയെന്നും പരിചയക്കാരുടെ പേരിൽ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നതിനായി പണം ഉപയോഗിച്ചെന്നും കണ്ടെത്തി. 

തുക വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയിൽ നിന്ന് 32 എടിഎം കാർഡുകൾ, അഞ്ച് പാസ്ബുക്കുകൾ, 37 ചെക്ക് ബുക്കുകൾ, രണ്ട് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ലാപ്‌ടോപ്പ്, ഒപ്പിട്ട ചെക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു. 

30 ആഴ്ച 200 രൂപ വീതം അടയ്ക്കണം, നറുക്ക് വീണാൽ വൻസമ്മാനങ്ങൾ; തിരക്കി വന്നപ്പോൾ നടത്തിപ്പുകാർ മുങ്ങിയെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!