കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അയൽക്കാർ തമ്മിൽ തർക്കം; രാത്രി സുഹൃത്തുക്കളുമായെത്തി കാറിന് തീയിട്ട് യുവാവ്

By Web Team  |  First Published Dec 2, 2024, 10:54 PM IST

നേരത്തെയും വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.


ഡൽഹി: കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അയൽവാസിയുടെ കാറിന് തീയിട്ട് യുവാവ്. ശനിയാഴ്ച രാത്രി ഡൽഹിയിലാണ് സംഭവം. സുഹൃത്തുക്കളുമായെത്തി വാഹനത്തിന് തീവെച്ച ശേഷം രക്ഷപ്പെട്ട യുവാവിനെയും സംഘത്തെയും 600 കിലോമീറ്ററോളം പിന്തുടർന്ന് ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

രാഹുൽ ഭാസിൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്. അയൽവാസിയായ രജ്നീത് ചൗഹാനുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി രാഹുൽ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരമൊരു തർക്കത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി കാറിന് തീയിട്ടത്. എന്നാൽ ഇതെല്ലാം പരിസരത്തെ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞു.

Latest Videos

undefined

രാത്രി പത്ത് മണിയോടെ രാഹുലും രണ്ട് സുഹൃത്തുക്കളും ഒരു കാറിലെത്തി അയൽവാസിയുടെ വാഹനത്തിനടുത്ത് നിർത്തി. ഒരാൾ പുറത്തിറങ്ങി കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തല്ലിപ്പൊട്ടിക്കാൻ തുടങ്ങി. മറ്റൊരാൾ എന്തോ ദ്രാവകം വാഹനത്തിലേക്ക് ഒഴിക്കുന്നതും മൂന്നാമൻ തീ കൊളുത്തുന്നതും കാണാം. പിന്നീട് മൂവരും വാഹനത്തിൽ കയറി വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.

ഇതാദ്യമായല്ല പാർക്കിങിനെ ചൊല്ലി ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതെന്ന് പൊലീസ് പറയുന്നു. നേരത്തെ ഒരു തവണ തർക്കമുണ്ടായതിന് പിന്നാലെ   കാറിന്റെ സൈഡ് ഗ്ലാസുകൾ ത‍കർത്തിരുന്നു. അന്നും പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലെ സംഭവത്തിന് ശേഷം രാഹുലിനെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങിയിരുന്നു. ഈ പരിശോധനയിലാണ് 600 കിലോമീറ്ററോളം അകലെ നിന്ന് ഇവരെ പിടികൂടിയത്. ഇവർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!