പ്രതിഷേധം ഫലം കണ്ടു, നരഭോജിയായ പുള്ളിപ്പുലിക്ക് 'ജീവപര്യന്തം തടവ്' ശിക്ഷയുമായി ഗുജറാത്ത്

By Web Team  |  First Published Nov 15, 2024, 8:48 AM IST

പതിവായി ജനവാസ മേഖലയിൽ എത്തി ആളുകളെ ഇരയാക്കുന്ന പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവുമായി ഗുജറാത്ത്


സൂറത്ത്: ആളെക്കൊല്ലിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ സൂറത്തിൽ മാസങ്ങൾക്കുള്ളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജിയായ പുള്ളിപ്പുലിയെ പുനരധി വാസ കേന്ദ്രത്തിൽ പാർപ്പിക്കാൻ തീരുമാനമായി. ഒരു ആഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് സൂറത്തിന് സമീപമുള്ള മാണ്ഡ്വിയിൽ നിന്ന് ഞായറാഴ്ച പുള്ളിപ്പുലിയെ വനം വകുപ്പ് കൂട്ടിലാക്കിയത്. നിരവധി ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇനിയുള്ള ജീവിത കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. മനുഷ്യർക്കെതിരെ നിരന്തര ആക്രമണം പതിവായതിന് പിന്നാലെയാണ് നടപടിയെന്നാണ് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ആനന്ദ് കുമാർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. 

മനുഷ്യരെ സ്ഥിരമായി ആക്രമിക്കുന്ന സ്വഭാവം കാണിക്കുന്ന മൃഗങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് മാനദണ്ഡം. മാണ്ഡ്വിയിൽ ഉഷ്കെർ ഗ്രാമത്തിൽ കരിമ്പ് പാടത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടിച്ചതിന് പിന്നാല വലിയ രീതിയിലുള്ള പ്രതിഷേധം മേഖലയിൽ രൂപം കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയെ പിടികൂടാനുള്ള സജീവ ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടികൂടിയത്. പ്രദേശവാസികളുമായി ചേർന്ന് കുടുംബം നടത്തിയ തെരച്ചിലിനൊടുവിലാണ് പുള്ളിപ്പുലി ഭക്ഷിച്ച കുട്ടിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 

Latest Videos

ഇതിന് പിന്നാലെ ഗ്രാമീണരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പത്തോളം കൂടുകളാണ് വനം വകുപ്പ് മേഖലയിൽ സ്ഥാപിച്ചത്. മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങൾ തേടിയെത്തിയ പുള്ളിപ്പുലി കൂട്ടിൽ വീഴുകയായിരുന്നു. തുടക്കത്തിൽ പുള്ളിപ്പുലിയെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം തിരികെ കാട്ടിലേക്ക് വിടുമെന്ന സൂചന വന്നതോടെ നാട്ടുകാർ വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.  സെപ്തംബറിൽ സമീപ മേഖലയായ അംറേലിയിൽ നിന്ന് രണ്ട് വയസുകാരനെയാണ് പുള്ളിപ്പുലി പിടികൂടിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!