ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. യുപിയിൽ 80 ഉം . ബിഹാറിൽ 40 ഉം സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് വെറുപ്പിന്‍റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി? ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണ്? 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നത്.
ഈ രാജ്യത്ത് സംവരണം എങ്ങനെയാണ്? സമസ്ത മേഖലകളെയും മോദി തകർത്തു. മുതലാളിമാർക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തിന് ജാതി സെൻസസ് അനിവാര്യമെന്നും രാഹുൽ അഗ്നിവീർ സംവിധാനം യുവാക്കളെ ചതിക്കുകയാണ്. അഗ്നിവീർ വീരമൃത്യം വരിച്ചാൽ ഒരു ആനുകൂല്യവും കിട്ടില്ല. ആർ എസ് എസിനെയും, ബി ജെ പിയെയും ഭയമില്ല. ധീരമായി പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിക്ക് പാദസേവ ചെയ്യാനായി തേജസ്വിയെ നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്ന് ലാലു പ്രസാദ് യാദവ് തുറന്നടിച്ചു. ചാഞ്ചാടി നടക്കുന്നവൻ ഇനിയും ആ പണി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാഴിമഥനത്തിൽ അസുരന്മാരുടെ കൈയിൽ അമൃത് കിട്ടിയത് പോലെയാണ് മോദിയുടെ കൈയിൽ അധികാരം എത്തിയതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
undefined
തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണം.മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കിൽ രാജ്യത്തെ രക്ഷിക്കാനാവില്ല. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. നൽകിയ ഒരു വാഗ്ദാനവും ഒരു നടപ്പാക്കിയില്ല. അതുകൊണ്ടാണ് കർഷകർക്ക് വീണ്ടും പ്രതിഷേധിക്കേണ്ടിവരുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭയന്ന് പിന്മാറില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു.അന്വേഷണ ഏജൻസികൾ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ വെറുതെ വിടുന്നില്ല.
രാഹുൽ ഗാന്ധിയുടെയും, അഖിലേഷ് യാദവിന്‍റെയുമൊക്കെ പിന്നാലെ ഏജൻസികളുണ്ട്. ബിജെപി വാഷിംഗ് മെഷീനായിരിക്കുന്നു. ഏത് അഴിമതി പാർട്ടി അവിടെ ചെന്നാലും വെളുപ്പിച്ചെടുക്കും. മോദി നുണ ഫാക്ടറിയാണ്. ദാരിദ്ര്യവും, തൊഴിലില്ലായ്മയും മറച്ചു വയ്ക്കാൻ നുണ പറഞ്ഞ് നടക്കുകയാണ്. കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങൾ കാണാൻ മോദി ശ്രമിക്കണം. ബി ജെപിയിലെ കുടുംബാധിപത്യം മോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.