കുൽഗാം ഏറ്റുമുട്ടൽ; ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറടക്കം 6 ഭീകരരെ വധിച്ചു, 2 സൈനിക‍ർക്ക് വീരമൃത്യു

By Web Team  |  First Published Jul 7, 2024, 6:11 AM IST

ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിനെ അടക്കം ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു


ദില്ലി: ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹീദ്ദീൻ പ്രാദേശിക കമാൻഡർ അടക്കം ആറ് ഭീകരരെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച രണ്ട് സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. കുൽഗാമിലെ മോദേർഗാം, ഫിർസൽ എന്നിവിടങ്ങളിൽ നടന്ന തെരച്ചിലിനിടെയാണ് ഇന്നലെ ഏറ്റുമുട്ടൽ തുടങ്ങിയത്.

ഭീകരർ വെടിയുതിർത്തതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. കരസേനയും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മോർദേഗാമിൽ ഒരു വീട്ടിൽ നാലു ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം കിട്ടിയത്. ഫിർസലിൽ ആറ് ഭീകരർ ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നാണ് സൂചന.ലാൻസ് നായിക് പ്രദീപ് നൈനു ഹവിൽദാർ പ്രവീൺ ജൻജൽ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഇവരുടെ ഭൗതികശരീരം നാട്ടിലേക്ക് അയച്ചതായി സൈന്യം അറിയിച്ചു.

Latest Videos

undefined

ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിനെ അടക്കം ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ പൂർണ്ണമായി അവസാനിച്ചതിന് ശേഷം മാത്രമേ ഭീകരരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകു എന്നും സേന വ്യക്തമാക്കി. സേനകളുടെ സംയുക്ത ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രജൌരിയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിവച്ചു. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ആക്രമണം നടത്തിയ ഭീകരർക്കായി ഇവിടെ തെരച്ചിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!