കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി; ഫോണ്‍ വിളിയെത്തിയത് അജ്ഞാത നമ്പറില്‍ നിന്ന്

By Web TeamFirst Published Dec 12, 2023, 11:04 AM IST
Highlights

രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍.ഐ.എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ബംഗളുരു: കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ് കോള്‍ എത്തിയത്. വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 

രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍.ഐ.എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവരം ബംഗളുരു പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുരു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തെരച്ചില്‍ നടത്തി. വിശദമായ പരിശോധനയ്ക്ക് ഒടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്‍ഐഎ കോള്‍ സെന്ററില്‍ ലഭിച്ച ഫോൺ കോള്‍ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ബംഗളുരു സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Videos

രാജ്ഭവനില്‍ ബോംബ് സ്ക്വാഡിന്റെ പതിവ് പരിശോധന കഴിഞ്ഞ ഉടനെ ആയിരുന്നു ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം വീണ്ടും പരിശോധന നടത്തി. രാജ്ഭവന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണിയുടെ സാഹചര്യത്തില്‍ ആവശ്യമായ അധിക നടപടികള്‍ കൂടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ബംഗളുരുവിലെ നിരവധി സ്കൂളുകളില്‍ ബോബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!