ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അടക്കം നിരന്തരം പ്രസ്താവനകൾ നടത്തിയ വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: കർണാടകത്തിലെ വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ ബിജെപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ആറ് വർഷത്തേക്കുള്ള നടപടി. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷനായ വിജയേന്ദ്രയ്ക്കും അദ്ദേഹത്തെ അനുകൂലിക്കുന്ന പക്ഷത്തിനും ആശ്വാസമായി.
മുതിർന്ന നേതാവ് ബിഎസ് യെദിയൂരപ്പയ്ക്കും സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്കും എതിരെ ബസനഗൗഡ പാട്ടീൽ യത്നാൽ നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര നേതൃത്വം യത്നാലിൽ നിന്ന് വിശദീകരണം തേടിയിരുന്നു. യത്നാലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ മുൻ മന്ത്രി എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവർ അടക്കം 5 പേർക്ക് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.